പരാജയപ്പെട്ടിട്ടും ആളുകൾ ഇപ്പോഴും ആ ചിത്രത്തിന്റെ കഥയെ കുറിച്ചും മേക്കിങ്ങിനെ കുറിച്ചും സംസാരിക്കാറുണ്ട്: കുഞ്ചാക്കോ ബോബൻ
Entertainment
പരാജയപ്പെട്ടിട്ടും ആളുകൾ ഇപ്പോഴും ആ ചിത്രത്തിന്റെ കഥയെ കുറിച്ചും മേക്കിങ്ങിനെ കുറിച്ചും സംസാരിക്കാറുണ്ട്: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th November 2024, 7:55 am

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

ചാക്കോച്ചന്റെ വ്യത്യസ്ത കഥാപാത്രം കണ്ട ചിത്രമായിരുന്നു ചാവേർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് നേടിയതെങ്കിലും സിനിമയുടെ മേക്കിങ് മികവിനെ കുറിച്ചെല്ലാം ഇപ്പോഴും ആളുകൾ സംസാരിക്കാറുണ്ട്. ചാവേറിന്റെ രാഷ്ട്രീയം കാരണമല്ല സിനിമ പരാജയപ്പെട്ടതെന്നും ഇറങ്ങിയ സമയത്ത് പ്രേക്ഷകർക്കത് വർക്കായില്ലെന്നും ചാക്കോച്ചൻ പറയുന്നു.

ചാവേറിന്റെ കഥയെ കുറിച്ചും മേക്കിങ്ങിനെ കുറിച്ചും ഇപ്പോഴും പലരും പറയാറുണ്ടെന്നും സീരിയലെന്ന് നമ്മൾ പറയുന്ന ചില സിനിമകൾ തിയേറ്ററിൽ നന്നായി ഓടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

‘അതിന്റെ പൊളിറ്റിക്സ് കാരണമല്ല ആ സിനിമ പരാജയപ്പെട്ടത്. ഇറങ്ങിയ സമയത്ത് അത് പ്രേക്ഷകർക്ക് വർക്കായില്ല. അതിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മേക്കിങ്ങിനെ കുറിച്ചുമെല്ലാം ആളുകൾ ഇപ്പോഴും എന്നോട് പറയാറുണ്ട്.

സിനിമയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കും. അല്ലാതെയും സംഭവിക്കും. നമ്മൾ സീരിയൽ എന്നൊക്കെ പറയുന്ന ചില സിനിമകൾ ചിലപ്പോൾ തിയേറ്ററിൽ നന്നായി വർക്കാവുന്ന ചിത്രങ്ങൾ ആയിരിക്കാം. അങ്ങനെയും സംഭവിക്കാറുണ്ട്,’കുഞ്ചാക്കോ ബോബൻ പറയുന്നു.

രാഷ്ട്രീയ കൊലപാതകം ആസ്‌പദമാക്കിയിറങ്ങിയ ചിത്രമായിരുന്നു ചാവേർ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിനായി കഥ ഒരുക്കിയത് നടൻ ജോയ് മാത്യു ആയിരുന്നു. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയെന്ന നിലയിൽ തുടക്കം മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായ സിനിമയാണ് ചാവേർ

Content Highlight: Kunchacko Boban About Chaver Movie