മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അമല്‍ നീരദ്. മലയാള സിനിമയിൽ പുതിയ അവതരണ ശൈലി കൊണ്ടുവന്ന അമൽ പെട്ടെന്ന് തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ സ്ഥാനം നേടിയെടുത്തു.
ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരിടവേളക്ക് ശേഷം ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ ഒരുപിടി മികച്ച അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രഖ്യാപനം മുതൽ ചിത്രം ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. നോവൽ വായിച്ചിട്ടുള്ള ആളുകൾക്ക് ഇതിലെ സസ്പെൻസ് എലമെന്റ് അറിയുന്നത് കൊണ്ട് സിനിമ കാണാൻ വരുമോയെന്നചോദ്യം പലർക്കുമുണ്ടെന്നും 2018 എന്ന ചിത്രം നമ്മൾ അനുഭവിച്ചറിഞ്ഞ ഒരു സംഭവമായിട്ടും സിനിമ വലിയ വിജയമായില്ലേയെന്നും കുഞ്ചാക്കോ ബോബൻ ചോദിക്കുന്നു. നോവലുകൾ സിനിമകളാവുമ്പോൾ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറില്ലെന്നും എന്നാൽ അത്തരത്തിൽ സ്വീകരിക്കപ്പെട്ട ചിത്രമാണ് ഗോഡ് ഫാദർ എന്ന സിനിമയെന്നും ചാക്കോച്ചൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റൂത്തിന്റെ ലോകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് ഞങ്ങൾക്ക് അറിയില്ല. ഇത് വളരെ സിമ്പിളായിട്ടുള്ള കാര്യമാണ്. ഇപ്പോൾ എല്ലാവരും ഒരു നോവലിനെ ആസ്പദമാക്കിയുള്ള കാര്യമാണ് പറയുന്നത്. നോവൽ വായിച്ചിട്ടുള്ള ആളുകൾക്ക് ഇതിലെ സസ്പെൻസ് എലമെന്റ് അറിയുന്നത് കൊണ്ട് സിനിമ കാണാൻ വരുമോയെന്ന ചോദ്യവും സംശയവുമൊക്കെ ഉണ്ടാവും.
നമ്മൾ വായിച്ചിട്ടില്ലാത്ത എന്നാൽ നേരിട്ട് അനുഭവിച്ചിട്ടുള്ള, കണ്ടിട്ടുള്ള ഒരു സംഭവമാണ് 2018 എന്ന സിനിമയിൽ വന്നിട്ടുള്ളത്. അതാണ് ഉത്തരം. എങ്ങനെയാണ് ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് എന്നതനുസരിച്ചിരിക്കും ആ കാര്യം. പ്രേക്ഷകരാണ് അത് തീരുമാനിക്കുക. ഇത് ഏത് നോവലിന്റെ പുനരാവിഷ്ക്കരണമാണെങ്കിലും അല്ലെങ്കിൽ ഏതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെങ്കിലും അത് എങ്ങനെ നമ്മൾ സിനിമയാക്കി മാറ്റുന്നു, സിനിമയായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു എന്നതനുസരിച്ചിരിക്കും.
ആ ഒരു സംഭവത്തിന് വേണ്ടിയാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നത്. പല നോവലുകളും സിനിമകളാക്കി മാറ്റുമ്പോൾ അത്ര എഫക്റ്റീവ് ആവാറില്ല. ഞാൻ അങ്ങനെ വായിച്ചിട്ട് കണ്ട നോവലുകളിൽ , അതിനോടൊപ്പമോ അല്ലെങ്കിൽ അതിനും ഒരുപടി മുകളിൽ നിന്നിട്ടുള്ളത് ദി റിയൽ ‘ഗോഡ് ഫാദർ’ എന്ന സിനിമയാണ്. അത് എത്രയോ ആളുകൾ വായിച്ചിട്ടുള്ള നോവലാണ്. പക്ഷെ ആ സിനിമ അതിനേക്കാൾ കൂടുതൽ സ്വീകരിക്കപ്പെട്ടു. ഈ സിനിമയും അങ്ങനെയാവണം എന്നാണ് എന്റെ ആഗ്രഹം,’കുഞ്ചാക്കോ ബോബൻ പറയുന്നു.
Content Highlight: Kunchacko Boban About Bougainville And Godfather Movie