|

പാഷനേറ്റായി നിന്നാല്‍ വിജയം തേടിവരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആ നടന്റെ വിജയം: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിറഞ്ഞുനിന്നു. തിരിച്ചുവരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാന്‍ സാധിക്കുന്നത്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ആസിഫിന് ഇപ്പോള്‍ കിട്ടുന്ന അഭിനന്ദനങ്ങള്‍ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് ആസിഫ് നേരിട്ട അവസ്ഥ എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും അതില്‍ തളരാതെയാണ് ആസിഫ് മുന്നേറിയതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയെന്നല്ല, ഏത് മേഖലയാണെങ്കിലും അതിനോട് പാഷനേറ്റായി നിന്നാല്‍ വിജയം നമ്മളെ തേടിയെത്തുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആസിഫ് അലിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയിലെ തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ആസിഫെന്നും സമയം കിട്ടുമ്പോഴെല്ലാം തങ്ങള്‍ സംസാരിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. ബാബു രാമചന്ദ്രനുമായി സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ആസിഫിന് ഇപ്പോള്‍ കിട്ടുന്ന അഭിനന്ദനവും അവന്‍ സെലക്ട് ചെയ്യുന്ന സിനിമകളും കാണുമ്പോള്‍ സന്തോഷമുണ്ട്. ഒരു വര്‍ഷം മുമ്പ് അവന്റെ സിനിമകളെപ്പറ്റിയെല്ലാം പലരും എന്തൊക്കെയാണ് പറഞ്ഞതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതില്‍ തളരാതെ പഴയതിലും മികച്ചതായാണ് അവന്‍ മുന്നോട്ടുവരുന്നത്. ഞാനും അത്തരത്തില്‍ ഒരു അവസ്ഥ നേരിട്ടതുകൊണ്ട് പെട്ടെന്ന് കണക്ടാകാന്‍ കഴിഞ്ഞിട്ടുണ്ട്.

സിനിമയെന്നല്ല, ഏത് ഫീല്‍ഡിലായാലും നമ്മള്‍ നല്ലവണ്ണം പാഷനേറ്റായി നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയം കിട്ടുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആസിഫിന്റെ വിജയം. സിനിമയിലെ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആസിഫ്. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ട് സംസാരിക്കാറുണ്ട്,’കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രത്തിന്‍രെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാഹി കബീറാണ്. ഇതിനോടകം 30 കോടിക്കുമുകളില്‍ കളക്ട് ചെയ്ത ചിത്രത്തില്‍ വില്ലനായെത്തുന്നത് വിശാഖ് നായരാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: Kunchacko Boban about Asif Ali’s recent script selection and success

Latest Stories