| Thursday, 7th November 2024, 3:05 pm

ഒരു ക്രൈം ത്രില്ലറായി തിയേറ്റർ റിലീസ് ചെയ്യാനുള്ള എല്ലാ സാധ്യതയും ആ ചിത്രത്തിനുണ്ട്: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഒ.ടി.ടി റിലീസായി എത്തിയ ചിത്രമായിരുന്നു അറിയിപ്പ്. കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തിയേറ്റർ റിലീസായി എത്തിയിരുന്നെങ്കിൽ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തില്ലായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചാക്കോച്ചൻ.

തിയേറ്റർ റിലീസിന് വേണ്ടി ഒരുക്കിയ സിനിമയല്ല അറിയിപ്പെന്നും എന്നാൽ മറ്റൊരു രീതിയിൽ ക്രൈം ത്രില്ലറായി ഒരുക്കിയാൽ തിയേറ്റർ റിലീസ് ചെയ്യാൻ കഴിയുന്ന സിനിമയാണ് അറിയിപ്പെന്നും എന്നാൽ സിനിമയെ സീരിയസായി കാണുന്നവർക്ക് നന്നായി വർക്കായ ചിത്രമാണ് അതെന്നും അദ്ദേഹം പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

‘തിയേറ്റർ റിലീസിന് വേണ്ടി പ്രൊജക്റ്റ്‌ ചെയ്ത ഒരു സിനിമയല്ല അറിയിപ്പ്. മറ്റൊരു രീതിയിൽ പ്ലേസ് ചെയ്ത് ഒരു ഡയറക്ട് ഒ.ടി. ടി റിലീസായി പ്ലാൻ ചെയ്ത സിനിമയാണത്. നമുക്കറിയാം തിയേറ്റർ റിലീസായി പ്ലാൻ ചെയ്താൽ അതിന്റെയൊരു സോൾ മാറ്റേണ്ടി വരും.

ശരിക്കും പറഞ്ഞാൽ വേറൊരു രീതിയിലുള്ള ക്രൈം ത്രില്ലറായിട്ട് ഇറക്കാൻ പറ്റുന്ന ഒരു സാധ്യത ആ സിനിമക്കുണ്ട്. പക്ഷെ അതിനേക്കാളപ്പുറം കുറച്ചുകൂടെ ഇമോഷണലായിട്ടുള്ള റിയലിസ്റ്റിക്കായിട്ടുള്ള രീതിയിലേക്കാണ് ആ സിനിമയെ ഞങ്ങൾ പ്ലാൻ ചെയ്തത്.

അതുകൊണ്ടാണ് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കെല്ലാം ആ സിനിമ തെരഞ്ഞെടുക്കപ്പെട്ടത്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമ അങ്ങനെയൊരു സെഗ്മെന്റിൽ സെലക്ട്‌ ആവുന്നത്. ഏത്‌ രീതിയിലാണോ ഞങ്ങൾ പ്ലേസ് ചെയ്യാൻ ശ്രമിച്ചത് അത്തരത്തിൽ തന്നെ അത് സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണത്.

ആ രീതിയിൽ സിനിമയെ സീരിയസായി കാണുന്നവർക്ക് അത് നന്നായി വർക്കായിട്ടുണ്ട്. പക്ഷെ തിയേറ്ററിൽ വരാത്തത് കൊണ്ട് തന്നെ സാധാരണക്കാരിലേക്ക് എത്താത്തതിന്റെ ഒരു ബുദ്ധിമുട്ട് ആ സിനിമക്കുണ്ടായിട്ടുണ്ട്,’കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunchacko Boban About Ariyippu Movie

We use cookies to give you the best possible experience. Learn more