മലയാളസിനിമക്ക് ഫാസിൽ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത കുഞ്ചാക്കോ ബോബൻ രണ്ടാം വരവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു.
അഞ്ചാംപാതിര, നായാട്ട്, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളെല്ലാം രണ്ടാംവരവിൽ ചാക്കോച്ചൻ കളം മാറ്റി ചവിട്ടിയ സിനിമകളായിരുന്നു. ആ കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ല. അമൽ നീരദ് എന്ന ഫിലിംമേക്കറെ കുറിച്ചും അമൽ നീരദിനെ ആദ്യമായി കണ്ടതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
സംവിധായകൻ അൻവർ റഷീദിനോട് ഒരു അവസരം ചോദിക്കാൻ പോയപ്പോഴാണ് അമൽ നീരദിനെ ആദ്യമായി കാണുന്നതെന്നും എന്നാൽ അൻവർ റഷീദിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ചാക്കോച്ചൻ സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് അമൽ നീരദ്. ഓരോ സീനിലും കഥാപാത്രങ്ങൾ എത്രത്തോളം മീറ്ററിൽ ചെയ്യണമെന്നും എങ്ങനെയൊക്ക പെർഫോം ചെയ്യണമെന്നും കൃത്യമായി അദ്ദേഹത്തിനറിയാം.
ക്യാമറ ലെൻസിന്റെ കാര്യത്തിലാണെങ്കിലും അങ്ങനെയാണ്. കഥാപാത്രത്തിന്റെ ഇമോഷൻ കുറച്ചുകൂടെ അടുത്തറിയണമെങ്കിൽ ഏത് ലെൻസ് വെക്കണമെന്നെല്ലാം ഓൾറെഡി അദ്ദേഹത്തിന്റെ മനസിലുണ്ടാവും. ഓരോ ഷോട്ടിലും പുള്ളിയുടെ ഒരു ടച്ച് നമുക്ക് ഫീൽ ചെയ്യാൻ സാധിക്കും.
ഒരു ഫിലിംമേക്കർ എന്ന നിലയിൽ ആദ്യ സിനിമ മുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ആദ്യമായി അമൽ നീരദിനെ കാണുന്നത് അൻവർ റഷീദിനൊപ്പമാണ്.
അൻവർ റഷീദിനോട് ഒരു ചാൻസ് ചോദിക്കാൻ പോയതായിരുന്നു ഞാൻ. അൻവറിനെ കാണുമ്പോൾ ഇപ്പോഴും ഞാൻ പറയും, നിങ്ങളുടെ അടുത്ത് വന്ന് ഡേറ്റ് ചോദിച്ചിട്ട് അമൽ എന്നെ വെച്ച് പടം ചെയ്തുവെന്ന്. കുറെ വർഷം മുമ്പാണ്. എനിക്ക് തോന്നുന്നത് അൻവറിന്റെ ബ്രിഡ്ജ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഞാൻ അൻവറിനെ കാണാൻ പോവുന്നത്. അതും അമലിന്റെ വീട്ടിൽ വെച്ചായിരുന്നു,’കുഞ്ചാക്കോ ബോബൻ പറയുന്നു.
Content Highlight: Kunchacko Boban About Anwar Rasheed And Amal Neerad