| Monday, 17th April 2023, 4:09 pm

ഞാനീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതെല്ലാം എനിക്കും എന്റെ ഭാര്യക്കും വേണ്ടിയാണ്, അല്ലാതെ മകന് വേണ്ടിയല്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിയിച്ച് മാത്രമെ തന്റെ മകനെ വളര്‍ത്തുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരുപാട് കാത്തിരുന്ന് കിട്ടിയ കുഞ്ഞാണെന്നും എങ്കിലും കൊഞ്ചിച്ച് വഷളാക്കാതെ നല്ല മനുഷ്യനായി മാത്രമെ വളര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ അധ്വനിച്ചുണ്ടാക്കുന്നത് തനിക്കും പങ്കാളിക്കും മാത്രമുള്ളതാണെന്നും അല്ലാതെ മകന് വേണ്ടിയുള്ളതല്ലെന്നും കുഞ്ചാക്കോ ബോബബന്‍ പറഞ്ഞു.

തന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റിവെക്കുന്നതിനെ കുറിച്ചും മിന്നല്‍ മുരളി സിനിമ ഇറങ്ങിയ സമയത്ത് മകന്‍ അതിനെ അനുകരിച്ചതിനെ കുറിച്ചുമൊക്ക ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘കുറച്ച് ദിവസം മുമ്പ് ഞാനും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ല എന്നാണ് അവള്‍ പറയുന്നത്. ഇപ്പോള്‍ ടിനു പാപ്പച്ചന്റെ ചാവേര്‍ എന്ന സിനിമയാണ് ചെയ്യുന്നത്. അതിന്റെ ഡിസ്‌കഷനും കാര്യങ്ങളുമൊക്കെ ആയിട്ടാണ് തിരക്ക് വരുന്നത്. അതിനുവേണ്ടി ഒരുപാട് ലൊക്കേഷനിലൊക്കെ പോയി നല്ല തിരക്കായിരുന്നു. ഇനി കുറച്ച് നാള്‍ കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണം.

ഈ വഴക്ക് പറച്ചിലൊക്കെ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതൊക്കെ സ്നേഹം കൊണ്ടാണല്ലോ. ഒരുപാട് കാലം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നില്‍ക്കാന്‍ പറ്റുന്നുണ്ട്. മിന്നല്‍ മുരളി സിനിമയൊക്കെ ഇറങ്ങിയപ്പോള്‍ അവന്‍ അതിന്റെ വലിയ ആരാധകനായിരുന്നു. വീട്ടിലൊക്ക ചെല്ലുമ്പോള്‍ മിന്നല്‍ മുരളിയെ പോലെയൊക്കെ മുമ്പില്‍ ചാടി വീഴുമായിരുന്നു.

അപ്പോള്‍ ഞാന്‍ ചിന്തിക്കും അവന്റെ സ്വന്തം അപ്പന്‍ സിനിമയില്‍ അഭിനയിച്ചിട്ട് ആ പടത്തെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന്. ആ ഒരു കേട് തീര്‍ത്തിട്ടാണ് എന്നാ താന്‍ കേസുകൊട് എന്ന സിനിമ ഇറങ്ങിയത്. അതിലെ ഡാന്‍സും, ഡയലോഗും എന്തിനേറെ അതിലെ ആടലോടകം എന്ന് തുടങ്ങുന്ന പാട്ട് വരെ അവന്‍ പാടി നടക്കാന്‍ തുടങ്ങി. അങ്ങനെ ആ ഒരു സങ്കടം മുഴുവനായി മാറികട്ടി.

അവനെ ഞങ്ങള്‍ ഏറ്റവും നല്ല രീതിയിലാണ് വളര്‍ത്തുന്നത്. കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് ഒരു സാധാരണക്കാരനായി നല്ല മനുഷ്യനാക്കി മാത്രമേ അവനെ വളര്‍ത്തുകയുള്ളു. സ്വന്തം പ്രയത്നം കൊണ്ട് വളര്‍ന്ന് വലുതാകാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി കൊടുക്കും. അല്ലാതെ, ഞാനീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എല്ലാം എനിക്കും എന്റെ ഭാര്യക്കും വേണ്ടി തന്നെയാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

CONTENT HIGHLIGHT: KUNCHACKO BABAN ABOUT HIS FAMILY AND MOVIES

Latest Stories

We use cookies to give you the best possible experience. Learn more