| Saturday, 12th December 2020, 3:49 pm

അലാവുദ്ദീന്‍ അംബാനിയും കുപ്പിയില്‍ നിന്നും വന്ന മോദി ഭൂതവും: വീണ്ടും പരിഹാസ ട്വീറ്റുമായി കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുകേഷ് അംബാനിക്കുമെതിരെ പരിഹാസശരവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര വീണ്ടും. മാന്ത്രികവിളക്കുമായി ചിരിച്ചുനില്‍ക്കുന്ന അലാവുദ്ദീനായി മുകേഷ് അംബാനിയെയും കുപ്പിയില്‍ നിന്നും വന്ന ഭൂതമായി നരേന്ദ്ര മോദിയെയും ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണാണ് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. 2019ല്‍ ഇറങ്ങിയ അലാദിന്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ രംഗമാണ് എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.

ബോസ് വിത്ത് എംപ്ലോയി(തൊഴിലാളി മുതലാളിക്കൊപ്പം) എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മുതലാളിയായ അംബാനിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന തൊഴിലാണിയാണല്ലേ മോദി എന്നാണ് ട്വീറ്റില്‍ വരുന്ന കമന്റുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തുകഴിഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന വലിയ വിമര്‍ശനമുയരുന്നതിനിടയിലാണ് കുനാലിന്റെ പുതിയ ട്വീറ്റ് എത്തിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ അംബാനി-അദാനി നിയമം എന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും കുനാല്‍ കമ്ര കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടയില്‍ യോഗ ചെയ്യുന്ന മോദിയുടെ ചിത്രമായിരുന്നു ഭാരത് ബന്ദിന്റെ ദിവസം കുനാല്‍ പങ്കുവെച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന് പങ്കുചേര്‍ന്നതിന് നന്ദി മോദിജീ എന്ന പരിഹാസ കുറിപ്പോടെയാണ് കുനാല്‍ കമ്ര ചിത്രം പങ്കുവെച്ചത്.

മതവികാരം വ്രണപ്പെടുത്തി എന്നരോപിച്ച് തനിഷ്‌കിന്റെ പരസ്യവും പല ഓണ്‍ലൈന്‍ കണ്ടന്റുകളും ബഹിഷ്‌കരണ ഭീഷണി നേരിട്ടപ്പോഴും സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കുനാല്‍ കമ്ര രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunal Kamra tweets Modi Mukesh Ambani Aladdin edited cartoon tweet

We use cookies to give you the best possible experience. Learn more