| Thursday, 18th March 2021, 2:11 pm

ഇതിനെ ജനാധിപത്യ തൃണമൂല്‍-തൃണമൂല്‍ മുന്നണി എന്ന് പറഞ്ഞാല്‍ പോരേ: ബി.ജെ.പിയെയും തൃണമൂലിനെയും ഒരുമിച്ച് ട്രോളി കുനാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരിഹസിച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. തൃണമൂലില്‍ നിന്നും മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെയും തുടര്‍ന്ന് ഇവര്‍ക്ക് സീറ്റ് ലഭിച്ചതിനെയും പരിഹസിച്ചുകൊണ്ടാണ് കുനാല്‍ കമ്ര രംഗത്തെത്തിയത്.

‘തൃണമൂലില്‍ നിന്നുള്ള ‘വിമത’ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് കൊടുത്തത് വെച്ചു നോക്കുകയാണെങ്കില്‍ ഇതിനെ ജനാധിപത്യ തൃണമൂല്‍-തൃണമൂല്‍ മുന്നണി ബംഗാള്‍ എന്ന് വിളിക്കാം,’ കുനാലിന്റെ ട്വീറ്റില്‍ പറയുന്നു.

പശ്ചിമ ബംഗാളില്‍ മന്ത്രിമാരടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായിരുന്നു.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ബി.ജെ.പിയില്‍ നിന്നും മത്സരിക്കുന്നത് തൃണമൂലില്‍ നിന്നും രാജിവെച്ച മുന്‍ മന്ത്രി സുവേന്തു അധികാരിയാണ്. സിനിമാതാരവും രാജ്യസഭ എം.പിയുമായ മിഥുന്‍ ചക്രബര്‍ത്തിയും തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ ബംഗാള്‍ ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഈ എതിര്‍പ്പുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kunal Kamra trolls Trinamool Congress and BJP on West Bengal Election 2021

We use cookies to give you the best possible experience. Learn more