മുംബൈ: ബഹിഷ്‌കരണ ഭീഷണികള്‍ നേരിടാതെയും വികാരം വ്രണപ്പെടുത്താതെയും എങ്ങനെ കണ്ടന്റുകള്‍ അവതരിപ്പിക്കാമെന്നതിനുള്ള കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയാണെന്നാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ ചാനലുകളും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കുന്നതിനായുള്ള വിഞ്ജാപനം പുറത്തുവന്നതിന്റെയും ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്കും പരസ്യങ്ങള്‍ക്കും വരെ വിദ്വേഷാക്രമണവും ബഹിഷ്‌കരണവും നേരിടേണ്ടിവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് കുനാലിന്റെ പുതിയ ട്വീറ്റ്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് കുനാല്‍ തന്റെ പുതിയ പദ്ധതിയെ കുറിച്ച് അറിയിച്ചത്. നിര്‍ദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് തന്നെ സമീപിക്കാമെന്ന് പറഞ്ഞുകൊണ്ട് contact@kunalkamra.in എന്ന മെയില്‍ ഐ.ഡിയും ഇദ്ദേഹം കുറിപ്പില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും ഹിന്ദുത്വവാദികള്‍ക്കുമുള്ള കുനാലിന്റെ അടുത്ത പരിഹാസമറുപടിയാണോ അതോ കാര്യം സീരിയിസാണോ എന്നാണ് കമന്റുകളില്‍ പലരും ചോദിക്കുന്നത്. കുനാലിന്റെ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തന്നെയാണ് ഈ ചോദ്യത്തിന് കാരണം.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, ബ്രാന്‍ഡ്, ഓണ്‍ലൈന്‍ കണ്ടന്റ് തുടങ്ങിയവക്കായി പുതിയ കണ്‍സള്‍ട്ടന്‍സി തുടങ്ങുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് കുനാലിന്റെ പോസ്റ്റ് തുടങ്ങുന്നത്.നിങ്ങളുടെ കണ്ടന്റിന് എല്ലാ രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നും ബഹിഷ്‌കരണ ഭീഷണി നേരിടുമെന്ന് തോന്നുന്നുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നും അതേ കണ്ടന്റ് ആരെയും ബാധിക്കാത്ത എങ്ങനെ ഒരുക്കാമെന്ന് താന്‍ പറഞ്ഞുതരാമെന്നും കുനാല്‍ പറയുന്നു.
‘ഏത് കണ്ടന്റ് ആരെ വ്രണപ്പെടുത്തുമെന്നും അതേ കണ്ടന്റ് ചെറിയ മാറ്റങ്ങളോടെ അതേ മാര്‍ക്കറ്റില്‍ എങ്ങനെ അവതരിപ്പിക്കാമെന്നതും എനിക്ക് നന്നായിട്ടറിയാവുന്ന കാര്യമാണ്.’ കുനാല്‍ പറയുന്നു. ഇതിന് ഉദാഹരണമായി ഹിന്ദുത്വവാദികളില്‍ നിന്നുള്ള ഭീഷണി മൂലം പിന്‍വലിക്കേണ്ടി വന്ന തനിഷ്‌കിന്റെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘തനിഷ്‌കിന്റെ പരസ്യത്തില്‍ ‘ഇത് നിങ്ങളുടെ ഇവിടെയുള്ള ആചാരമല്ലല്ലോ’എന്നതിന് പകരം ‘പക്ഷേ അമ്മേ നിങ്ങള്‍ക്ക് അറിയാമല്ലോ എന്റെയും ഇമ്രാന്റെയും വിവാഹമോചനം നടക്കാന്‍ പോകുകയാണെന്ന്’ എന്നായിരുന്നെങ്കില്‍ പുരോഗമനപരമായ ഐക്യം പറയുന്ന ജ്വല്ലറി പരസ്യമായി തന്നെ അതിന് നിലനില്‍ക്കാനാകും.’ കുനാല്‍ പറയുന്നു. നിരോധനങ്ങളെ ഭയക്കാതെ അവയെ ഉള്‍ക്കൊള്ളുവെന്നും കുനാല്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നത് കുറച്ചു കൊണ്ടുവരുന്നതിനായാണ് ഈ സേവനം തുടങ്ങുന്നതെന്നും കുനാല്‍ പോസ്റ്റിന്റെ അവസാനം പറയുന്നു.
Content Highlight: Kunal Kamra to start new consultancy to make online contents less offensive to prevent boycott threats