കുനാല്‍ കമ്രയുടെ യാത്രവിലക്ക്; മറ്റ് എയര്‍ലൈന്‍സുകളും നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി
national news
കുനാല്‍ കമ്രയുടെ യാത്രവിലക്ക്; മറ്റ് എയര്‍ലൈന്‍സുകളും നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th January 2020, 10:34 pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

ഒരു വിമാനത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല ഇയാള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറ്റ് എയര്‍ലൈനുകളോട് ആവശ്യപ്പെടുന്നതായും മന്ത്രി പറഞ്ഞു.

അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചെയ്ത് വീഡിയോ എടുത്തതിന് ആറുമാസത്തേക്കാണ് കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്‍ പറഞ്ഞത്. ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനോടകം നിരവധി പേര്‍ കണ്ട വീഡിയോയില്‍ വിമാനത്തില്‍ വെച്ചു കണ്ടുമുട്ടിയ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.

‘നിങ്ങള്‍ പറയുന്ന തുക്‌ഡെ തുക്‌ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങള്‍ക്കെന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങള്‍ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവര്‍ത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. നിങ്ങള്‍ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവര്‍ത്തകനോ, നിങ്ങളാരാണെന്ന് പറയൂ അര്‍ണബ് ‘ കുനാല്‍ കമ്ര ചോദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര വീഡിയോയില്‍ പറയുന്നുണ്ട്. കമ്രയുടെ ചോദ്യങ്ങള്‍ക്ക് അര്‍ണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

DoolNews Video