എനിക്ക് അര്‍ണാബിന്റെ നമ്പര്‍കിട്ടി, ഞാന്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു. പക്ഷെ വീണ്ടും അദ്ദേഹം മറുപടിയൊന്നും നല്‍കിയില്ല. റിപ്പബ്ലിക്ക് ടിവിയോട് ചോദിക്കുകയാണ്, നിങ്ങളുടെ എഡിറ്റര്‍ ഒരു ഭീരുവാണോ,അതോ ദേശീയ വാദിയോ?
‘മിസ്റ്റര്‍ ഗോസ്വാമി, ഇതെന്റെ നമ്പര്‍ ആണ്. എന്താണ് ദേശം എന്ന ആശയം, ആരാണ് ദേശീയ വാദി എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം. എനിക്ക് നിങ്ങളോട് ആകെയുള്ള ദേഷ്യമെന്നു പറയുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതാണ്. ഞാന്‍ ബുദ്ധനെയും വര്‍ദ്ധമാന മഹാവീരനെയും പിന്തുടരുന്നയാളാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഒരു ഒലീവില തന്നുകൊണ്ട് ഒരു ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നാണ് ആവശ്യം. അടിസ്ഥാനപരമായി ഞാന്‍ നിങ്ങളോട് ആകെ ചോദിച്ച കാര്യം അതായിരുന്നു. പക്ഷെ അന്ന് നിങ്ങള്‍ ഇതിന് വില നല്‍കിയിരുന്നെങ്കില്‍ ഇത് ഇവിടെ വരെ എത്തില്ലായിരുന്നു. എന്തു തന്നെയായാലും ഇത് കുനാല്‍ കമ്രയാണ്. ഞാന്‍ ക്ഷമ പറയില്ല,’ കുനാല്‍ കമ്ര അയച്ച സന്ദേശത്തില്‍ പറയുന്നു.
താന്‍ ക്ഷമ പറയില്ലെന്ന് മുമ്പും കുനാല്‍ പറഞ്ഞിരുന്നു.
I found arnab’s number I’m still asking him for a debate and he’s just not responding, @republic is your editor a coward or a nationalist? pic.twitter.com/Oqph1KpYV3
ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറുമാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്.
ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.
ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്രയോട് അര്‍ണാബ് മറുപടി നല്‍കാന്‍ തയ്യാറാവാത്തതും വിഡിയോയില്‍ വ്യക്തമാണ്.
തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.
‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര പറയുന്നുണ്ട്.