| Friday, 13th November 2020, 8:24 pm

ബി.ജെ.പി, അര്‍ണബ്, സുപ്രീം കോടതി: പതറാതെ കുനാല്‍ കമ്ര

അന്ന കീർത്തി ജോർജ്

നിലപാടുകളിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് എഴുതിയ ട്വീറ്റുകള്‍ കോടതിയലക്ഷ്യമായി പരിഗണിക്കാമെന്നറിയിച്ച അറ്റോര്‍ണി ജനറലിനോടുള്ള കുനാല്‍ കമ്രയുടെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറയില്ലെന്നും പിഴയടക്കില്ലെന്നും കേസ് വാദിക്കാനായി വക്കീലിനെ വെക്കില്ലെന്നും കുനാല്‍ കമ്ര വ്യക്തമാക്കി കഴിഞ്ഞു. സംഘപരിവാറിന്റെയും ബി.ജെ.പി സര്‍ക്കാരിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ തന്റെ ആക്ഷേപഹാസ്യ പരിപാടിയിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിച്ച, ചാനല്‍ ചര്‍ച്ചകളിലെ അര്‍ണബ് ഗോസ്വാമിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രതിഷേധമറിയിച്ച കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അര്‍ണബ് ഗോസ്വാമിയെ നവംബര്‍ നാലിന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡിഷ്യല്‍ മജിസ്ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തു.

തുടര്‍ന്ന് അര്‍ണബ് ഇടക്കാല ജാമ്യപേക്ഷ നല്‍കിയെങ്കിലും ബോംബെ ഹൈക്കോടതി നിഷേധിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സാധാരണ കീഴ്വഴക്കങ്ങള്‍ മറികടന്നുകൊണ്ട് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് നിരീക്ഷീച്ചുകൊണ്ട് സുപ്രീം കോടതി അര്‍ണബിന് ജാമ്യം അനുവദിച്ചു.

ഞാന്‍ ഈ ചാനല്‍ കാണാറില്ല. പ്രത്യയശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല എന്നായിരുന്നു ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.

സമാന കേസുകളില്‍ നിരവധി പേര്‍ ഹരജി ഫയല്‍ ചെയ്ത് ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കുന്നതില്‍ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കുനാല്‍ കമ്ര നിരവധി ട്വീറ്റുകളായിരുന്നു എഴുതിയത്. രാജ്യത്തിന്റെ സുപ്രീം കോടതി സുപ്രീം ജോക്കായി മാറിയിരിക്കുന്നു എന്നായിരുന്നു ആദ്യ പ്രതികരണം. തൊട്ടുപിന്നാലെ കാവി നിറത്തില്‍ പൊതിഞ്ഞ, ബി.ജെ.പി കൊടി പാറുന്ന സുപ്രീം കോടതിയുടെ എഡിറ്റ് ചെയ്ത ചിത്രവും പങ്കുവെച്ചു.

മഹാത്മ ഗാന്ധിയുടെ ചിത്രത്തിന് പകരം അര്‍ണബിന് വേണ്ടി ഹാജരായ അഡ്വ.ഹരീഷ് സാല്‍വേയുടെ ചിത്രം വെ്ക്കുന്നതായിരിക്കും നല്ലതെന്നും കുനാല്‍ പരിഹാസരൂപേണ പറഞ്ഞു. നട്ടെല്ലുള്ള എല്ലാ അഭിഭാഷകരും സുപ്രീം കോടതിയോ ജഡ്ജിമാരെയോ “Hon’ble എന്നു അഭിസംബോധന ചെയ്യുന്നത് നിര്‍ത്തണം, Honour ഒക്കെ എന്നേ അവിടം വിട്ടുപോയിക്കഴിഞ്ഞുവെന്നും അദ്ദേഹം ട്വിറ്ററിലെഴുതി.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ‘ഫസ്റ്റ് ക്ലാസ് യാത്രക്കാരെ പെട്ടെന്ന് കയറ്റിയിരുത്തി അവര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുന്ന ഫ്ളൈറ്റ് അറ്റന്റിനെ പോലെയാണ് ഡി.വൈ ചന്ദ്രചൂഡ്. അതേസമയം സാധാരണക്കാര്‍ ഇവിടെ എന്തെങ്കിലും കിട്ടുമോയെന്ന് പോയിട്ട് കയറാനോ ഇരിക്കാനോ പറ്റുമോ എന്നുപോലും അറിയാതെ നില്‍പ്പാണ്. ഇതാണ് ജസ്റ്റിസ്…’മറ്റൊരു ട്വീറ്റില്‍ കുനാല്‍ കമ്ര എഴുതി.

ട്വീറ്റുകള്‍ക്ക് പിന്നാലെ കുനാലിനെതിരെ വ്യാപക വിദ്വേഷ ക്യാംപെയ്നുകള്‍ ആരംഭിച്ചു. കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ച് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകനായ റിസ്വാം സിദ്ദീഖ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ സമീപിച്ചു.

തുടര്‍ന്ന് കുനാല്‍ പരിധികള്‍ ലംഘിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുകയാണെന്ന് കെ.കെ വേണുഗോപാല്‍ മറുപടി നല്‍കി. സുപ്രീം കോടതിയെ ആക്രമിക്കുന്നത് ശിക്ഷയിലേക്ക് നയിക്കുമെന്ന് ആളുകള്‍ മനസ്സിലാക്കട്ടേയെന്നും കുനാലിനെ കോടതിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച വക്കീലിന് നല്‍കിയ മറുപടിക്കത്തില്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ‘പ്രിയപ്പെട്ട അഭിഭാഷകര്‍, മിസ്റ്റര്‍ കെ.കെ വേണുഗോപാല്‍’ എന്നു തുടങ്ങുന്ന ഒരു കത്ത് കുനാല്‍ കമ്ര പങ്കുവെച്ചത്. കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാനോ പിഴയടക്കാനോ വക്കീലിനെ വെക്കാനോ താന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടായിരുന്നു കുനാലിന്റെ കത്ത്.

‘എന്റെ ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. സുപ്രീം കോടതി ഒരു പ്രൈം ടൈം ലൗഡ്സ്പീക്കര്‍ക്ക് വേണ്ടി പക്ഷപാതപരമായി തീരുമാനമെടുത്തിനോടുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാത്രമാണ് ഞാന്‍ പങ്കുവെച്ചത്…എന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ ഞാന്‍ തയ്യാറല്ല.’ കുനാല്‍ പറഞ്ഞു.

തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്താന്‍ പരിപൂര്‍ണ്ണ സമ്മതമാണെന്ന് പറഞ്ഞ കുനാല്‍, നോട്ട് നിരോധനം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഇലക്ട്രല്‍ ബോണ്ട് തുടങ്ങി എണ്ണമറ്റ പ്രധാന വിഷയങ്ങളിലെ ഇനിയും നടക്കാത്ത വാദങ്ങളെയും ഓര്‍മ്മിപ്പിച്ചു. അതിനൊക്കെ വേണ്ടി സമയം ചെലവഴിക്കുന്നതല്ലേ നല്ലതെന്നും ചോദിച്ചു.

‘എന്റെ ട്വീറ്റുകളെക്കുറിച്ച് സുപ്രീം കോടതി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ കോടതിയലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അവര്‍ക്ക് ചിരിക്കാനുള്ള എന്തെങ്കിലും വക അതിലുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ഇന്ത്യയിലെ ഏറ്റവും പ്രധാന സ്റ്റാന്‍ഡ്അപ് കൊമേഡിയന്മാരിലൊരാളായ കുനാല്‍ കമ്ര കത്തിന്റെ അവസാനത്തില്‍ കുറിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunal Kamra on Contempt of Court against his tweets about Supreme Court giving bail to Arnab Goswami

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more