| Thursday, 19th November 2020, 4:07 pm

'ഏമാനെ കളിയാക്കാത്തവര്‍ക്ക് മാത്രം കിട്ടുന്നതാണല്ലോ ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്ര്യം'; പാര്‍ലമെന്ററി പാനലിനെതിരെ കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതെന്താണെന്ന് ട്വിറ്ററിനോട് ചോദിച്ച പാര്‍ലമെന്ററി പാനലിനെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.

‘കോര്‍പറേറ്റ് മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത് പോലെയാണ് ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്ര്യം. ഏമാനെ കളിയാക്കാത്തവര്‍ക്ക് മാത്രമാണ് അത് ലഭിക്കുന്നത്,’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

എന്‍.ഡി.ടി.വിയുടെ വാര്‍ത്ത കൂടി പങ്കുവെച്ചു കൊണ്ടാണ് കുനാലിന്റെ പ്രതികരണം.

ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്തുകൊണ്ടാണ് സുപ്രീം കോടതിക്കെതിരെ കുനാല്‍ കമ്ര നടത്തിയ ‘കുറ്റകരമായ ട്വീറ്റുകള്‍’ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാത്തതെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനല്‍ ചോദിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മീനാക്ഷി ലേഖിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് വിവേക് ടാങ്കയും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു.

റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം അനുവദിച്ച നടപടിയിലായിരുന്നു കുനാല്‍ കമ്ര സുപ്രീംകോടതിയെ വിമര്‍ശിച്ചത്. കേസില്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്.

കോടതിയലക്ഷ്യ കേസെടുത്തതില്‍ പ്രതികരണവുമായി കുനാല്‍കമ്ര രംഗത്തെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച് ഇട്ട പോസ്റ്റില്‍ തെറ്റായി ഒന്നുംതന്നെ തോന്നുന്നില്ലെന്ന് കുനാല്‍ കമ്ര പറഞ്ഞിരുന്നു.

വക്കീലുമാരെ സമീപിക്കാനോ മാപ്പ് പറയാനോ പിഴ അടക്കാനോ തയ്യാറല്ലെന്നും കുനാല്‍ കമ്ര ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കുനാല്‍ കമ്രയുടെ വിമര്‍ശനത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാരോപിച്ച് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസ്വാം സിദ്ദീഖ് ആണ് രംഗത്തെത്തിയിരുന്നത്.

രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് കുനാലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത്.

ട്വീറ്റില്‍ മാപ്പുപറയില്ലെന്ന് പറഞ്ഞുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് കുനാല്‍ കത്തയക്കുകയും ചെയ്തിരുന്നു. കുനാല്‍ പരിധികള്‍ ലംഘിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കെ.കെ വേണുഗോപാല്‍ പരിഗണിച്ചിരുന്ന പശ്ചാത്തലത്തിലാണ് കുനാലിന്റെ പുതിയ മറുപടി.

സുപ്രീംകോടതിയെ ആക്രമിക്കുന്നത് ശിക്ഷയിലേക്ക് നയിക്കുമെന്ന് ആളുകള്‍ മനസ്സിലാക്കട്ടേയെന്നും കുനാലിനെ കോടതിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച വക്കീലിന് നല്‍കിയ മറുപടിക്കത്തില്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.

അര്‍ണബിന് ജാമ്യം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ജാമ്യ ഹരജി പരിഗണിച്ചിരുന്നത്.

അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

‘എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ അര്‍ണബിന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunal Kamra mocks Parliamentary Panel who asked why Twitter is not removing Kunal’s tweet

We use cookies to give you the best possible experience. Learn more