| Thursday, 10th September 2020, 10:21 am

കങ്കണയുടെ ഓഫീസ് പുനര്‍നിര്‍മ്മിക്കാന്‍ അദ്വാനി രഥയാത്ര നടത്തും: കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍-കങ്കണ റണൗത്ത് പോരില്‍ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മുംബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കങ്കണയുടെ ഓഫീസ് പുനര്‍നിര്‍മ്മിക്കാന്‍ എല്‍.കെ അദ്വാനി രഥയാത്ര നടത്തുമെന്ന് കുനാല്‍ കമ്ര പറഞ്ഞു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്ന് കങ്കണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തുവെന്നാരോപണത്തിന് മറുപടി നല്‍കവെയാണ് ഈ പരാമര്‍ശം.

‘മണികര്‍ണികയ്ക്ക് മുമ്പ് അയോധ്യ പശ്ചാത്തലമാക്കി ഒരു ചിത്രത്തെപ്പറ്റി ആലോചിച്ചിരുന്നു. ഇത് വെറുമൊരു കെട്ടിടമല്ല. രാമക്ഷേത്രം തന്നെയാണ്. ഇന്ന് അവിടെ ബാബര്‍ എത്തി. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. തകര്‍ത്ത രാമക്ഷേത്രം വീണ്ടുമുയര്‍ത്തുകയാണ് നമ്മള്‍. ബാബറിനെ ഓര്‍ക്കുക, തകര്‍ത്തതെല്ലാം വീണ്ടും നിര്‍മ്മിക്കും’ കങ്കണ ട്വീറ്റ് ചെയ്തു.

മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. തുടര്‍ന്ന് നടിയ്ക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kangana Ranaut L.K Advani Kunal Kamra

We use cookies to give you the best possible experience. Learn more