മാപ്പും പറയില്ല പിഴയും അടക്കില്ല വക്കീലിനെയും വെക്കില്ല; കോടതിയലക്ഷ്യക്കേസില്‍ മറുപടി നല്‍കി കുനാല്‍ കമ്ര
national news
മാപ്പും പറയില്ല പിഴയും അടക്കില്ല വക്കീലിനെയും വെക്കില്ല; കോടതിയലക്ഷ്യക്കേസില്‍ മറുപടി നല്‍കി കുനാല്‍ കമ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 3:04 pm

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യകേസ് നേരിടുന്നതില്‍ പ്രതികരിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. വിമര്‍ശനം നടത്തിയതിന്റെ പേരില്‍ മാപ്പ് പറയാനോ പിഴയടക്കാനോ തയ്യാറല്ലെന്നാണ് കുനാല്‍ കമ്ര പ്രതികരിച്ചത്.

ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ട് കുനാല്‍ കമ്ര നേരത്തേ ട്വീറ്റ് ഇട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ട്വീറ്റ് ഇട്ടതില്‍ തെറ്റായി ഒന്നും തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വക്കീലുമാരെ സമീപിക്കാനോ മാപ്പ് പറയാനോ പിഴ അടക്കാനോ തയ്യാറല്ലെന്നും കുനാല്‍ കമ്ര ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കുനാല്‍ കമ്രയുടെ വിമര്‍ശനത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാരോപിച്ച് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസ്വാം സിദ്ദീഖ് ആണ് രംഗത്തെത്തിയിരുന്നത്.

രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് കുനാലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത്.

 

ട്വീറ്റില്‍ മാപ്പുപറയില്ലെന്ന് പറഞ്ഞുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് കുനാല്‍ കത്തയക്കുകയും ചെയ്തിരുന്നു. കുനാല്‍ പരിധികള്‍ ലംഘിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കെ.കെ വേണുഗോപാല്‍ പരിഗണിച്ചിരുന്ന പശ്ചാത്തലത്തിലാണ് കുനാലിന്റെ പുതിയ മറുപടി.

സുപ്രീംകോടതിയെ ആക്രമിക്കുന്നത് ശിക്ഷയിലേക്ക് നയിക്കുമെന്ന് ആളുകള്‍ മനസ്സിലാക്കട്ടേയെന്നും കുനാലിനെ കോടതിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച വക്കീലിന് നല്‍കിയ മറുപടിക്കത്തില്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.

അര്‍ണബിന് ജാമ്യം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ജാമ്യ ഹരജി പരിഗണിച്ചിരുന്നത്.

അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

‘ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ അര്‍ണബിന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

Content Highlight: kunal kamra facing contempt charge is defiant says no apology no fine