ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതിനോടകം നിരവധി പേരാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.
2014ല്‍ ഇന്ത്യയ്ക്ക് കോമണ്‍സെന്‍സ് നഷ്ടമായി, ഇപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ സ്വത്തും കൈവിട്ട് പോകുന്നു എന്നാണ് പൊതുമേഖല ബാങ്കുകള്‍ സ്വാകാര്യവത്ക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരെ കുനാല്‍ കമ്ര പറഞ്ഞത്.
ഈ നാടകം മുഴുവന്‍ നിര്‍ത്തി നീരവ് മോഡിയെ ആര്‍.ബി.ഐ ഗവര്‍ണറാക്കി കാര്യങ്ങള്‍ അവസാനിപ്പിച്ചൂകൂടേ മോദി ജിയെന്നും കുനാല്‍ കമ്ര ചോദിച്ചു.
സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ഓണ്‍ലൈനായി നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
”മുമ്പ് ബാങ്ക് കൊള്ളക്കാരുണ്ടായിരുന്നു. പിന്നെ അംബാനി, മല്യ, മെഹുല്‍ ഭായ്, നീരവ് മോഡി എന്നിവരെല്ലാം വന്ന് ആയിരക്കണക്കിന് കോടികള്‍ ലോണെടുത്ത് മുങ്ങി. ഇപ്പോള്‍ ഈ ബാങ്കുകളെ മൊത്തം വിഴുങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരും നമുക്കുണ്ട്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇതിനോടകം നിരവധി പേരാണ് ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചേഞ്ച്.ഒ.ആര്‍.ജിയി എന്ന ക്യാമ്പയിന്‍ വെബ്‌സൈറ്റിലൂടെ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാന്‍ ക്യാമ്പയിനും നടക്കുന്നുണ്ട്.