ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കേ വിഷയത്തില്‍ പ്രതികരണവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദി സര്‍ക്കാരിനേയും ബി.ജെ.പി അനുകൂല മാധ്യമങ്ങളെയും പരിഹസിച്ചുകൊണ്ടാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.
‘ദയവ് ചെയ്ത് മോദി ജീയുടെ സ്വകാര്യവത്കരണ നയങ്ങള്‍ അംഗീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം. അല്ലെങ്കില്‍ കുറച്ച് ദിവസത്തിനുള്ളില്‍ ഈ സമരത്തെ ബാങ്ക് ജിഹാദ് എന്ന് ഗോഡി മീഡിയ വിളിക്കാന്‍ തുടങ്ങും,’ കുനാലിന്റെ ട്വീറ്റില്‍ പറയുന്നു.
പത്ത് ലക്ഷത്തോളം ജീവനക്കാരാണ് സ്വകാര്യവത്കരണ നയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സമരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധി ദിനങ്ങളായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. നാല് ദിവസത്തിന് ശേഷമായിരിക്കും ബാങ്കുകള്‍ ബുധനാഴ്ച് പ്രവര്‍ത്തനം ആരംഭിക്കുക.
ഒന്‍പത് ബാങ്ക് യൂണിയനുകള്‍ ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്‌സ് ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ബാങ്കുകളെ കൂടാതെ നാല് ഇന്‍ഷുറന്‍സ് കമ്പനികളും മാര്‍ച്ച് 17ന് സമരം പ്രഖ്യാപിച്ചിട്ടു്. എല്‍.ഐ.സിയിലെ എല്ലാ യൂണിയനുകളും മാര്‍ച്ച് 18നാണ് സമരം നടത്തുന്നത്.
നേരത്തെ മുതല്‍ തന്നെ സ്വകാര്യവത്കരണനയങ്ങള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതിനോടകം നിരവധി പേരാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.
2014ല്‍ ഇന്ത്യയ്ക്ക് കോമണ്‍സെന്‍സ് നഷ്ടമായി, ഇപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ സ്വത്തും കൈവിട്ട് പോകുന്നു എന്നാണ് പൊതുമേഖല ബാങ്കുകള്‍ സ്വാകാര്യവത്ക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരെ നേരത്തെ കുനാല്‍ കമ്ര പറഞ്ഞത്. ഈ നാടകം മുഴുവന്‍ നിര്‍ത്തി നീരവ് മോഡിയെ ആര്‍.ബി.ഐ ഗവര്‍ണറാക്കി കാര്യങ്ങള്‍ അവസാനിപ്പിച്ചൂകൂടേ മോദി ജിയെന്നും കുനാല്‍ കമ്ര ചോദിച്ചിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ഓണ്‍ലൈനായി നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ”മുമ്പ് ബാങ്ക് കൊള്ളക്കാരുണ്ടായിരുന്നു. പിന്നെ അംബാനി, മല്യ, മെഹുല്‍ ഭായ്, നീരവ് മോഡി എന്നിവരെല്ലാം വന്ന് ആയിരക്കണക്കിന് കോടികള്‍ ലോണെടുത്ത് മുങ്ങി. ഇപ്പോള്‍ ഈ ബാങ്കുകളെ മൊത്തം വിഴുങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരും നമുക്കുണ്ട്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇതിനോടകം നിരവധി പേരാണ് ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചേഞ്ച്.ഒ.ആര്‍.ജി എന്ന ക്യാമ്പയിന്‍ വെബ്സൈറ്റിലൂടെ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാന്‍ ക്യാമ്പയിനും നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kunal Kamra criticises Narendra Modi, BJP Govt and Godi media for privatization of banks and supports bank strike