| Friday, 11th September 2020, 10:01 am

'അതൊരു മികച്ച പ്രവര്‍ത്തനമായിരുന്നു'; അര്‍ണാബിന് ചെരുപ്പ് നല്‍കാന്‍ പോയ വീഡിയോ പങ്കുവെച്ച് കുനാല്‍ കമ്രയും അനുരാഗ് കശ്യപും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസമാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍കമ്രയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും റിപ്പബ്ലിക് ടിവിയുടെ ഓഫീസിലേക്ക് പോയത്. അര്‍ണാബിന് ‘മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം’ നല്‍കാനായിരുന്നു ഇരുവരും പോയത്.

റിപ്പബ്ലിക് ടിവിയിലേക്ക് ‘അവാര്‍ഡ് നല്‍കാന്‍ പോയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുനാല്‍ കമ്ര. നിറയെ ചെരിപ്പുകള്‍ നിറഞ്ഞ ഒരു ഫോട്ടോ ഫ്രെയിമില്‍ രണ്ട് വ്യത്യസ്ത നിറമുള്ള ചെരിപ്പുകള്‍ ചേര്‍ത്ത് വെച്ചുള്ള ‘അവാര്‍ഡ്’ആണ് തയ്യാറാക്കിയത്.

റിപ്പബ്ലിക്കിന്റെ ഓഫീസിലെത്തി അവിടെ നിന്ന് തിരിച്ച് പോരുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പുരസ്‌കാരം അര്‍ണാബിന് നല്‍കാനാണ് പോകുന്നത്, കാരണം അദ്ദേഹം പ്രധാനപ്പെട്ട് പോയിന്റുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ അഗ്രഗണ്യനാണ്,’ കുനാല്‍ കമ്ര വീഡിയോയില്‍ പറയുന്നുണ്ട്.

റിപ്പബ്ലിക്ക് ചാനലിന്റെ ഓഫീസിന്റെ മുന്നിലെത്തുന്ന കുനാല്‍ കമ്രയെയും അനുരാഗ് കശ്യപിനെയും സുരക്ഷാ ജീവനക്കാര്‍ തടയുന്നതും ദൃശ്യത്തില്‍ കാണാം. പേര് അനുരാഗ് കശ്യപെന്നും കുനാല്‍ കമ്രയെന്നുമാണെന്നും ഞങ്ങള്‍ ഈ ഉപഹാരം അര്‍ണാബിന് നല്‍കാനായാണ് വന്നതെന്നും ഇരുവരും സുരക്ഷാ ജീവനക്കാരോട് പറയുന്നുണ്ട്.

എന്നാല്‍ അവരെ തടയുന്ന സുരക്ഷാ ജീവനക്കാരുടെ അടുത്ത് നിന്നും എടുക്കുന്ന സെല്‍ഫി വീഡിയോയില്‍ ഉള്ളില്‍ ക്യാമറ അനുവദനീയമല്ലെന്നും ഫോണ്‍ എടുത്ത് കളയുമെന്നും ഇരുവരും പറയുന്നുണ്ട്. ഇത് പറഞ്ഞ് തീരുന്നതിന് മുന്നേ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് കാണാം.

കഴിഞ്ഞ ഓഗസ്റ്റ് 30ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഫാം ഹൗസില്‍ മൂന്ന് റിപ്പബ്ലിക് സ്റ്റാഫുകള്‍ അതിക്രമിച്ച് കയറിയതിന് പിടിയിലായിരുന്നു. കുനാല്‍ കമ്രയെയും അനുരാഗിനെയും പിടിച്ച് മാറ്റുന്ന ദൃശ്യത്തില്‍ ഈ വാര്‍ത്തയുടെ തലക്കെട്ട് പരിഹാസ രൂപേണ കാണിക്കുന്നുണ്ട്.

‘ചപ്പല്‍ പ്രവര്‍ത്തനം നല്ലതായിരുന്നു’. എന്ന് കുനാല്‍ ദൃശ്യത്തിന്റെ അവസാനം പറയുന്നുണ്ട്.

അനുരാഗ് കശ്യപിന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു കഴിഞ്ഞ ദിവസം. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞതെന്ന് കഴിഞ്ഞ ദിവസം അനുരാഗ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിയ്ക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ് എന്ന് കുനാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരും റിപ്പബ്ലിക് ഓഫീസിന്റെ മുന്നില്‍ നിന്നും ചെരിപ്പ് പിടിച്ച് നില്‍ക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരുടെയും കയ്യിലുള്ള ഫ്രെയിം ചെയ്ത് വെച്ച ചെരിപ്പുകള്‍ക്ക് താഴെ അവാര്‍ഡെഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്സലന്‍സ് ഓഫ് ജേര്‍ണലിസം എന്ന് ഇരുവരുടെയും പേരുകളോടെ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു.

അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരന്തരമായി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപ കരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി അര്‍ണാബിനോട് പറഞ്ഞിരുന്നു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയ്‌ക്കെതിരായ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്.

റിപ്പബ്ലികില്‍ നിന്നും രാജിവെച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ മൊഴി നല്‍കാന്‍ സുനന്ദയുടെ പിതാവിനെ നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunal Kamra and Anurag Kashyap shares the video of how they went to given the ‘award’

We use cookies to give you the best possible experience. Learn more