കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സിപി.ഐ.എം ആഹ്ലാദ പ്രകടനം എന്ന പേരില്‍ വീഡിയോ പുറത്ത് വിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനത്തിന്റെ പോസ്റ്റിന് പിന്നാലെ പ്രകടനം എവിടെ നടന്നതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്തെത്തി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കുമ്മനം വീഡിയോ പുറത്ത വിട്ടിരുന്നത്. രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയില്‍ കുറേ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതും അവ്യക്തമായി കാണാന്‍ കഴിയുന്നുണ്ട് എന്നാല്‍ മുദ്രാവാക്യങ്ങളോ പാര്‍ട്ടിയുടെ കൊടിയോ ഇതില്‍ കാണുന്നുമില്ല.
Brutality, beastiality at its worst- Kannur Communists celebrate murder of RSS Karyakartha Biju, whom they beheaded.#JungleRajInKerala pic.twitter.com/WDwFgOypUp
— KummanamRajasekharan (@Kummanam) May 13, 2017
കുമ്മനം വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ എവിടെ നടന്നതാണെന്നെ തെളിയിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയ പി ജയരാജന്‍ ബിജു വധം സി.പി.ഐ.എം വിരുദ്ധവികാരം കുത്തിയളക്കാനുള്ള അവസരമാക്കി മാറ്റാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഏതോ ഒരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരുടെ ആഘോഷം എന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ ജയരാജന്‍ “വാഹനങ്ങള്‍ കടന്നു പോവുന്നത് വീഡിയോയില്‍ കാണാം, വന്‍തോതിലുള്ള ജനക്കൂട്ടവും വീഡിയോയിലുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നില്ല. ഇത്തരമൊരു പ്രചരണം നടത്തിയ കുമ്മനം ഇത് എിടെ നടന്നതാണെന്ന് കൂടി വ്യക്തമാക്കണം. അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ട്” എന്നും പറയുന്നു.
ജര്‍മനിയില്‍ നാസിസേന നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രചാരവേലയുടെ അനുകരണമാണ് സംഘപരിവാര്‍ കണ്ണൂരില്‍ നടത്തുന്നതെന്നും ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയനേതാവിന് ഇങ്ങനെ കള്ളപ്രചരണം നടത്താന്‍ പറ്റില്ലെന്നും എന്നാല്‍ ഒരു ആര്‍.എസ്.എസ് പ്രചാരകിന് സാധിക്കുമെന്നും പി.ജയരാജന്‍ പോസ്റ്റിലൂടെ പറയുന്നു.
പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ അനുചരന്മാര്‍ നടത്തിയ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ അനുകരണമാണ് സംഘപരിവാര്‍ കണ്ണൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഘോഷയാത്ര എന്ന പേരില്‍ സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിച്ചു വരുന്ന വീഡിയോ ദൃശ്യം.ഏതോയൊരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് സംഘപരിവാരം ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിപ്പിച്ചു വരുന്നത്.
വാഹനങ്ങള്‍ കടന്നു പോവുന്നത് വീഡിയോയില്‍ കാണാം.ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്.ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണം.അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ട്.ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല.അതെ സമയം ആര്‍ എസ് എസ് പ്രചാരക്കിന് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണത്.
രാമന്തളിയിലെ കൊലപാതകം സംബന്ധിച്ച് സിപിഐ (എം) ജില്ലാ കമ്മറ്റി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.ഈ സംഭവത്തെ തങ്ങള്‍ അപലപിക്കുന്നതായും ഫലപ്രദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാടെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരമൊരു വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം വിജയിക്കില്ല.
യഥാര്‍ത്ഥത്തില്‍ ഈ കൊലപാതകത്തെ ഒരവസരമാക്കി മാറ്റി രാജ്യവ്യാപകമായി സിപിഐ(എം) വിരുദ്ധ വികാരം ഉയര്‍ത്താനാണ് സംഘപരിവാര്‍ പരിശ്രമം.അത് രാമന്തളി കൊലപാതകത്തിന് ശേഷമുള്ള സംഘപരിവാറിന്റെ പുതിയ ബോധോദയമല്ല,ആര്‍ എസ് എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ കോയമ്പത്തൂരില്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.
കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ആര്‍ എസ് എസ് എന്ന മതഭ്രാന്ത പ്രസ്ഥാനത്തെ തത്വാധിഷ്ഠിതമായി എതിര്‍ക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ്സിനല്ല,കമ്യുണിസ്‌റ് പ്രസ്ഥാനത്തിനാണെന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഫലമാണ് ഇത്തരം തീരുമാനം.അതിനാല്‍ നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‌സിയന്‍ രീതിയാണ് സംഘപരിവാര്‍ ഇപ്പോള്‍ പിന്തുടരുന്നത്.ഇത് ജനങ്ങള്‍ തിരിച്ചറിയും.