തിരുവനന്തപുരം: മിസോറാം ഗവർണ്ണർ സ്ഥാനം ഉപേക്ഷിച്ച്, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും. സംസ്ഥാന ആർ.എസ്.എസ് ഘടകത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബി.ജെ.പി. ഈ തീരുമാനത്തിലേക്ക് എത്തിയത്. വിജയസാധ്യത കൂടുതലുള്ള തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം എന്നാണ് ആർ.എസ്.എസ് പക്ഷം. അധികം താമസിയാതെ തന്നെ കുമ്മനം മിസോറാം ഗവർണ്ണർ സ്ഥാനം ഉപേക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്.
Also Read നീതിതേടി ഒരു സ്‌കൂളും അഞ്ഞൂറോളം ആദിവാസി കുട്ടികളും
കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആർ.എസ്.എസ്. ആവശ്യം ആദ്യം ബി.ജെ.പി. കേന്ദ്രഘടകം അംഗീകരിക്കാൻ തയാറായില്ല. എന്നാൽ ഈയിടെ പാലക്കാട് സന്ദർശിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ആർ.എസ്.എസ്. ഘടകം വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവർണ്ണർ പദവിയിൽ നിന്നും മാറ്റാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു എന്നാണു അറിയുന്നത്.
ഗവർണർ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയാൽ വിജയം ഉറപ്പാണെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതിൽ കേരളത്തിലെ ആർ.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് നിരവധി ബി.ജെ.പി. പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. അതിനിടെയാണ് കുമ്മനത്തിന്റെ പേര് ഉയർന്നുവന്നതും ആർ.എസ്.എസ് നേതൃത്വം ശക്തമായി വാദിച്ചതും. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പേരും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിലും കെ.സുരേന്ദ്രനെ തൃശൂരിലും മത്സരിപ്പിക്കാനാണ് ആർ.എസ്.എസ് ആലോചിക്കുന്നത്.