കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇപ്പോള്‍ രക്ഷ തേടുന്നത് സോഷ്യല്‍മീഡിയയിലെ ട്രോളന്മാരുടെ കൈയില്‍ നിന്നാണെന്ന് നിസംശയം പറയാന്‍ കഴിയും. ജാഥയുടെ ഉദ്ഘാടനം മുതല്‍ ഇങ്ങോട്ടുള്ള ഓരോ നിമിഷവും സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ രൂപത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
തങ്ങള്‍ക്കെതിരെ ട്രോളുകളുമായെത്തുന്നവര്‍ക്ക് ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് കുമ്മനം ട്രോളന്മാരോടായി പറഞ്ഞു. ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് അത് ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവുമാണെന്നും കുമ്മനം പറയുന്നു.
“ട്രോളുകളെ കുറ്റപ്പെടുത്തില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്തരം ട്രോളുകള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് കുമ്മനം പറയുന്നത്. “തനിക്കത് വലിയ മാനസിക പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ട്രോളുകളേക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷേ ശ്രദ്ധിക്കാന്‍ സമയമില്ല.” കുമ്മനം പറഞ്ഞു. “കുമ്മനടി” പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പറയുന്നവര്‍ പറയട്ടെ എന്ന മറുപടിയാണ് കുമ്മനം നല്‍കിയത്.
“യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിതമാണ് അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടി” കുമ്മനം വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കി അഭിമുഖത്തിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.