| Wednesday, 29th May 2019, 9:57 pm

മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയില്‍ കുമ്മനം രാജശേഖരനും അല്‍ഫോണ്‍സ് കണ്ണന്താനവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 30ന് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്.

പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും. അമിത് ഷായും മന്ത്രിസഭയില്‍ അംഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് അതുവരെ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.

കേരളത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ വരെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇത്തവണയും മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. കണ്ണന്താനം ആദ്യ ഘട്ടത്തില്‍ തന്നെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാവുമെന്നാണ് സൂചനകള്‍.

രണ്ടാമത്തെ മന്ത്രിയായി കുമ്മനം രാജശേഖരന്‍, രാജ്യസഭാംഗങ്ങളായ വി.മുരളീധരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

അതേസമയം, കുമ്മനം രാജശേഖരന്‍ നാളെ ദല്‍ഹിയിലേക്ക് പോകും. കേരളത്തില്‍ നിന്ന് ആരൊക്കെയാണ് കേന്ദ്രമന്ത്രിയാകുക എന്ന അഭ്യൂഹം നിലനില്‍ക്കെയാണ് കുമ്മനം ദല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നത്. കുമ്മനത്തിന് മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more