| Sunday, 27th May 2018, 10:28 pm

കുമ്മനം ഗവര്‍ണറായ വാര്‍ത്ത; മനോരമ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തെറിവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മനോരമ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ ആര്‍.എസ്.എസ്‌കാരുടെ തെറിവിളി. കുമ്മനം രാജശേഖരനെ അപമാനിച്ചെന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം തെറിവിളിയുമായി രംഗത്തെത്തിയത്.

കുമ്മനം രാജശേഖരനെ ഗവര്‍ണറായി തെരഞ്ഞടുത്തതിന് തൊട്ടുപിന്നാലെ മനോരമ ചാനല്‍ “കുമ്മനം മിസോറാം ഗവര്‍ണര്‍ (ട്രോളല്ല)”” എന്ന ഫ്‌ളാഷ് ന്യൂസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഇതിനെതിരെ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ചാനല്‍ ഇങ്ങനെയൊരു ഫ്‌ളാഷ് ന്യൂസ് വിശദീകരണ കുറിപ്പും നല്‍കി.

“”കുമ്മനം രാജശേഖരന്റെ പുതിയ നിയമനവാര്‍ത്ത തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ “ട്രോളല്ല” എന്നു ചേര്‍ത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂര്‍ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തില്‍ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്”” എന്നായിരുന്നു മനോരമയുടെ വിശദീകരണ കുറിപ്പ്.


Also Read മോദി പ്രധാനമന്ത്രിയായിട്ട് നാലു വര്‍ഷങ്ങള്‍; 808 പ്രസംഗങ്ങള്‍; 43 മന്‍ കീ ബാത്ത്; പത്രസമ്മേളനം 0


എന്നാല്‍ വിശദീകരണ കുറിപ്പ് വന്നതിന് ശേഷവും സംഘടിതമായി സൈബര്‍ ആക്രമണം നടക്കുകയാണ്. മനോരമ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയുംപത്രം തുടങ്ങിയ മാമന്‍ മാപ്പിള, മുതല്‍ കെഎം മാത്യു ഇപ്പോഴത്തെ എഡിറ്റര്‍ മാമ്മന്‍ മാത്യു തുടങ്ങിയവര്‍ക്കെതിരെയും കുടുംബത്തിനെതിരെയും തെറിവിളികള്‍ നടക്കുന്നുണ്ട്.

അതേസമയം ഫ്‌ളാഷ് ന്യുസ് അല്ല സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിച്ചതെന്നും നിരന്തരം സംഘപരിവാര്‍ സംഘടനകള്‍ക്ക് തലവേദനയാവുന്ന തരത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന മനോരമ ചാനലിനെതിരെ കിട്ടിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവസരം മുതലാക്കുകയാണെന്നും ചിലര്‍ പറയുന്നുണ്ട്.

നേരത്തെ മനോരമചാനലിലെ ഷാനി പ്രഭാകരനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഷാനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.

We use cookies to give you the best possible experience. Learn more