തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ മത്സരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ജില്ലാ കമ്മറ്റി നല്‍കിയ നിര്‍ദ്ദേശത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചത് കൊണ്ടാണ് താന്‍ തോറ്റതെന്നും ഈ തെരഞ്ഞെടുപ്പിനും അത് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവേണ്ടതില്ല എന്നായിരുന്നു ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കുമ്മനം രാജശേഖരനെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിലെ ആര്‍.എസ്.എസ് നിലപാട് എന്തായിരിക്കും എന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ചര്‍ച്ച.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജപ്പെട്ടത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു. അതിന് മുന്‍പ് ഒ. രാജഗോപാല്‍ 15000 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സ്ഥലത്താണ് കുമ്മനം ഇത്ര വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. ഈ കണക്കുകളാണ് കുമ്മനം വട്ടിയൂര്‍ക്കാവില്‍ വേണ്ടെന്ന നിലപാടെടുക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത്.