പിണറായി ഇരയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് കേസെടുക്കണമെന്ന് പരാതി; കുമ്മനം പോസ്റ്റ് ചെയ്ത ജിഷയുടെ ഫോട്ടോ 'കുത്തിപ്പൊക്കി' സോഷ്യല്‍ മീഡിയ
Kerala
പിണറായി ഇരയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് കേസെടുക്കണമെന്ന് പരാതി; കുമ്മനം പോസ്റ്റ് ചെയ്ത ജിഷയുടെ ഫോട്ടോ 'കുത്തിപ്പൊക്കി' സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 1:09 am

കോഴിക്കോട്: കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് കൊടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ നടപടി തിരിഞ്ഞുകുത്തുന്നു. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണെന്നായിരുന്നു കുമ്മനം പറഞ്ഞത്. എന്നാല്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെ കുറ്റപ്പെടുത്തി 2016 മെയ് 18 ന് ജിഷയുടെ ചിത്രമടക്കം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കുമ്മനത്തിന് തിരിച്ചടിയായത്.

പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കുമ്മനം ജിഷയുടെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തത്. ഇതാണ് ഇപ്പോള്‍ ചിലര്‍ കുത്തിപ്പൊക്കിയത്.

ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ച പിണറായിക്കെതിരെ കേസ് എടുക്കണമെങ്കില്‍ ആദ്യം താങ്കള്‍ക്കെതിരെയല്ലെ കേസ് എടുക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


Read Also : കത്‌വ സംഭവത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാര്‍ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍


ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്. സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്.


Read Also : ‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല; ഇവിടെ കുഞ്ഞു മക്കളുണ്ട്’; കഠ്വ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ കേരളത്തിന്‍റെ വ്യത്യസ്തമായ പ്രതിഷേധം


പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മൂലം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനും സര്‍ക്കാരിനായി. പൊലീസ് അലംഭാവം കൊണ്ടു മാത്രം നിരവധി കുറ്റവാളികള്‍ മാന്യന്‍മാരായി വിലസുന്ന കേരളത്തിന് ഇതൊരു പാഠമാണെന്നും കുമ്മനം പറഞ്ഞിരുന്നു.