തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതിക്കാരന്റെയും ആരോപണ വിധേയരുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണം സംഘം ബാങ്കുകള്‍ക്ക് കത്തയച്ചു.
കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകള്‍ക്കാണ് കത്തയച്ചത്. ഈ ബാങ്കുകളുടെ അക്കൗണ്ടിലൂടെ ന്യൂഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയന് പണം നല്‍കിയെന്നാണ് പരാതിക്കാരന്‍ ഹരികൃഷ്ണന്റെ മൊഴി.
അക്കൗണ്ട് വിവരങ്ങള്‍ നാളെ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പരാതിക്കാരുടെയും ആരോപണ വിധേയരായവരുടെയും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് തേടി.
പരാതിക്കാരന്‍ ഹരികൃഷ്ണന്റെ വീടിനു മുന്നില്‍ പൊലീസ് കാവല്‍ ശക്തമാക്കി. ശനിയാഴ്ച കുമ്മനം രാജശേഖരനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ സജീവമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കിയത്.
കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ കുമ്മനത്തിന്റെ പി.എ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലുണ്ടെന്ന് പൊലീസ് പറയുന്നു. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പി.എ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
2018 ഒക്ടോബര്‍ 20 മുതല്‍ 2020 ജനുവരി 14 വരെയുള്ള സമയത്ത് പലപ്പോഴായി 30.75 ലക്ഷം രൂപ പ്രവീണും കൂട്ടരും വാങ്ങി. പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകളോ പണമോ ലഭിക്കാതായതോടെയാണ് താന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നു.
ഒക്ടോബര്‍ 12ന് പത്തനംതിട്ടാ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി ആറന്മുള പൊലീസിന് കൈമാറി. ബുധനാഴ്ച വാദിയെ വിളിച്ചുവരുത്തി എഴുതി വാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നാലാം പ്രതിയാണ് കുമ്മനം. മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുന്‍പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്. ബി.ജെ.പിയുടെ എന്‍.ആര്‍.ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാറാണ് അഞ്ചാം പ്രതി.
ഐ.പി.സി 406, 420, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2018 ജൂണ്‍ മാസത്തില്‍ ശബരിമലയില്‍ കുമ്മനം രാജശേഖരന്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെ വെച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി പ്രവീണ്‍ കമ്പനിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും 50 ലക്ഷം രൂപ എത്രയും വേഗം നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കുമ്മനത്തിന്റെ കൂടി അറിവിലും താത്പര്യത്തിലും ഒത്താശയിലുമാണ് മറ്റുള്ളവര്‍ ഇന്‍വെസ്റ്റ് ചെയ്തതെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കുമ്മനത്തിന്റെ സഹായം ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെ സാധ്വീനിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്.
പലദിവസങ്ങളിലും കുമ്മനം രാജശേഖരന്‍ തന്നെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും തനിക്ക് സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ വിശ്വാസം ഉണ്ടാക്കുകയും ചെയ്തുവെന്നും പരാതിക്കാരന്‍ പറയുന്നു. ഇവരുടെ പ്രേരണയിലും നിര്‍ബന്ധത്തിനും വഴങ്ങി ആവശ്യപ്പെട്ട പ്രകാരം ന്യൂഭാരത് ബയോടെക്‌നോളജീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാവുകയായിരുന്നെന്നും കുമ്മനം ആവശ്യപ്പെട്ട പ്രകാരം നിരവധി തവണ വിവിധ തവണകളായി പണം നിക്ഷേപിച്ചിരുന്നെന്നും പരാതിയില്‍ ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
2018 നവംബര്‍ 27 ന് ഒന്നും രണ്ടും പ്രതികള്‍ മിസോറാം ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നിന്നും തന്നെ വിളിച്ച് പദ്ധതിയുടെ കേരളത്തിലെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തുകയാണെന്നും പാലക്കാട് സെന്റര്‍ ആക്കിയുള്ള പ്രവര്‍ത്തനോദ്ഘാടനം മിസോറാം ഗവര്‍ണറായ രാജേട്ടനെ കൊണ്ട് ചെയ്യിക്കുകയാണെന്ന് പറയുകയും പിറ്റേന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുകയും ചെയ്‌തെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നുണ്ട്.
നാളേറെ കഴിഞ്ഞെങ്കിലും പ്രതികള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് തരികയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് മാനസികമായി തകര്‍ന്ന താന്‍ കുമ്മനം രാജശേഖരനെ 05-06-2020 ല്‍ ആറന്മുള ബാലാശ്രമത്തില്‍ ചെന്ന് കണ്ട് ആവശ്യം ധരിപ്പിച്ചു.
ഞാനടച്ച പണവും ബാങ്ക് പലിശയും തിരികെ വാങ്ങിച്ചു തരാമെന്നും പറഞ്ഞ് പ്രശ്‌നം സെറ്റില്‍ ചെയ്യാന്‍ അദ്ദേഹം ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാറിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 1,2, പ്രതികളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ 10 ദിവസത്തിനകം പണം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
പിറ്റേന്ന് 3ാം പ്രതി വിളിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 32ലക്ഷം രൂപയും 12 ശതമാനം പലിശയും തരാമെന്നും അന്ന് തന്നെ തന്റെ കയ്യിലുള്ള ഒറിജിനല്‍ എഗ്രിമെന്റും ചെക്ക് ലീഫുകളും രണ്ടാം പ്രതിയുടെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കുമ്മനം രാജശേഖരന്‍ നിയോഗിച്ച മധ്യസ്ഥന്‍ എന്ന പദവിയില്‍ വിശ്വസിച്ച് താന്‍ 10-06-2020 ല്‍ ഒറിജിനല്‍ എഗ്രിമെന്റും ചെക്ക് ലീഫുകളും രണ്ടാം പ്രതിയുടെ പേരില്‍ രജിസ്‌ട്രേഡായി അയച്ചു കൊടുത്തു. എന്നാല്‍ 1 മുതല്‍ 3 വരെ പ്രതികള്‍ പറഞ്ഞ പ്രകാരം തനിക്ക് പണം തിരികെ കിട്ടിയില്ല. കുമ്മനം രാജശേഖരന്‍, ഹരികുമാറിനെ ഉപയോഗിച്ച് തന്റെ പക്കല്‍ നിന്നും ഒറിജിനല്‍ രേഖകള്‍ തട്ടിയെടുക്കുകയായിരുന്നെന്ന് പിന്നീട് മനസിലായെന്നും ഇയാള്‍ പരാതിയില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ കുമ്മനം രാജശേഖരന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഹരികൃഷ്ണന്‍ പി.ആര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഈ തട്ടിപ്പിന് മിസോറാം ഗവര്‍ണറുടെ ഔദ്യോഗിക വസതിയും അവിടെ അവര്‍ക്കുള്ള പദവികളും ഗവര്‍ണറുടെ അറിവോടുകൂടി ഉപയോഗിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവും പരാതിക്കാരന്‍ ഉന്നയിക്കുന്നുണ്ട്. ഇതിന് പുറമെ ഭരഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ തന്റെ പി.എ ആയ വ്യക്തിയുടെ ബിസിനസ്സില്‍ പണം നിക്ഷേപിക്കുവാന്‍ ഒരാളോട് ആവശ്യപ്പെടുന്നത് പോലും ഭരണഘടനാ പദവിയ്ക്ക് വിരുദ്ധവുമാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊലീസ് കുമ്മനത്തെ കേസില്‍ പ്രതിയാക്കി എഫ്.ഐ.ആര്‍ ഇടുന്നത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് കുമ്മനത്തെ പ്രതിയാക്കിയ ഉടന്‍ തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ബി.ജെ.പി എത്തിയത്.
എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
എസ്.പി കെ.ജി.സൈമണിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ കേസില്‍ അന്വേഷണം നടന്നിരിക്കുന്നത്. കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kummanam Rajashekaran Financial Fraud case, investigation team moves on banks for further clarification