| Monday, 10th July 2017, 12:18 pm

സെന്‍കുമാറിന് ബി.ജെ.പിയിലേക്കു സ്വാഗതമെന്ന് കുമ്മനം രാജശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ബി.ജെ.പിയിലേക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ദീര്‍ഘകാലം പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവത്തോടെ തള്ളിക്കളയാനാവില്ല. ബി.ജെ.പിയിലേക്കു വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍കുമാറാണെന്നും അദ്ദേഹം പറഞ്ഞു.


Must Read: പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നും ബൈക്കുകളിലെത്തിയവര്‍; ഇവിടെയുള്ള മുസ്‌ലീങ്ങള്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ബംഗാള്‍ കലാപബാധിത മേഖലയിലുള്ളവര്‍ പറയുന്നു


കഴിഞ്ഞദിവസം സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസിനെ ശക്തമായി പിന്തുണച്ച് സെന്‍കുമാര്‍ രംഗത്തുവന്നിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വാദങ്ങള്‍ക്കും മേലെയായിരുന്നു സെന്‍കുമാറിന്റെ പലവാദങ്ങളും.

ഐസിസിനെയും ആര്‍.എസ്.എസിനെയും താരതമ്യപ്പെടുത്താനാവില്ലെന്നും ദേശവിരുദ്ധമായ മതതീവ്രവാദമാണ് അപകടകരമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ സംസ്ഥാനത്ത് മുസ്‌ലീങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്നായിരുന്നു സെന്‍കുമാറിന്റെ ഒരു പരാമര്‍ശം. കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 ഉം മുസ്‌ലിം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ സെന്‍കുമാര്‍ ബി.ജെ.പി മുഖപത്രമായ ജന്മഭൂമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലും സെന്‍കുമാര്‍ പങ്കെടുക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more