കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായവ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ സാക്ഷി കുമ്മനം രാജശേഖരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991ല്‍ കുമ്മനം രാജശേഖരന്‍ തന്ത്രിക്ക് അയച്ച കത്ത് ഇതിനോടകം പുറത്ത് വന്നിട്ടുണ്ടെന്നും ആ കത്തിലാണ് സ്ത്രീപ്രവേശനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശബരിമലയില്‍ ധാരാളമായി സ്ത്രികള്‍ വരുന്നു. നൃത്തം ചെയ്യുന്നു. വിവാഹങ്ങള്‍ നടക്കുന്നു. സിനിമാ ഷൂട്ടിംഗ് നടക്കുന്നു എന്നിങ്ങനെ ആ കത്തില്‍ പറയുന്നുണ്ട്. അതിന് അര്‍ത്ഥം ശബരിമലയില്‍ ഒരു തടസവുമില്ലാതെ സ്ത്രീകള്‍ പോയിരുന്നു എന്നതാണ്.
സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ട് അധികകാലമായിട്ടില്ലെന്നും 1991 ലാണ് ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
Doolnews Video