കൊച്ചി: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. പ്രതികള്‍ക്കു സി.പി.ഐ.എം-സി.പി.ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചു.
കെ. സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി. നേതാക്കള്‍ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കെ സുരേന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിയമാനുസൃതമായി എല്ലാ അനുവാദവും വാങ്ങിയിരുന്നതാണെന്നും പെട്ടെന്നാണു പൊലീസ് യോഗം തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായതെന്നും കുമ്മനം പറഞ്ഞു.
ധര്‍മരാജന്‍ കേസില്‍ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബി.ജെ.പി നേതാക്കളെ മുഴുവന്‍ കുഴല്‍പ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുമ്മനത്തിന്റെ വാക്കുകള്‍
നിയമാനുസൃതമായി എല്ലാ മുന്‍കൂട്ടിയുള്ള അനുവാദവും വാങ്ങി യോഗം ചേരാനാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ചുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി നടത്തിയിരുന്നു. വളരെ പെട്ടെന്നാണു പൊലീസിന്റെ ഭാഗത്ത് നിന്നും കേരള സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദേശമനുസരിച്ച് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം വിലക്കിയതായുള്ള വിവരം ലഭിക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും ധ്വംസിച്ചു കൊണ്ടാണ് കേരള സര്‍ക്കാരിന്റെ നടപടി. ഇത് ബി.ജെ.പിയോട് മാത്രം കാണിക്കുന്ന നടപടിയാണ്.
കോണ്‍ഗ്രസ്, സി.പി.ഐ.എം. തുടങ്ങി എല്ലാ തത്പര കക്ഷികളും ബി.ജെ.പിയെ തകര്‍ത്ത്, അവര്‍ക്കാര്‍ക്കും ഒരു എതിര്‍ ശബ്ദമുണ്ടാകാതിരിക്കാന്‍ ഉള്ള രാഷ്ട്രീയ കരുനീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒരു രാഷ്ട്രീയ കക്ഷിയെ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സമാധാനപരമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനം പോലും നടത്താന്‍ അനുവദിക്കില്ല എന്ന സി.പി.ഐ.എം നിലപാട് ഫാസിസമാണ്.
കൊടകരയില്‍ പണം കവര്‍ച്ചചെയ്യപ്പെട്ട സംഭവത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ പ്രതികള്‍ സി.പി.ഐക്കാരും സി.പി.ഐ.എമ്മുകാരുമാണ്. അതെന്തുകൊണ്ട് പുറത്ത് വിടുന്നില്ല? അവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്തൊക്കെയാണ്.
ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം കേട്ട് അതു തേടിപ്പിടിച്ച് വിളിച്ചവരെയൊക്കെ പേടിപ്പിച്ച് ചോദ്യം ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്?
കേസ് തെളിയിക്കണം എന്നല്ല, ബി.ജെ.പിയെ നശിപ്പിക്കണം എന്ന ഉദ്ദേശത്തോടെയാണ് അന്വേഷണം നടത്തുന്നത്. കെ. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. സുരേന്ദ്രന്റെ മകനെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണ്.
ആരും ചോദ്യം ചെയ്തു എന്നതുകൊണ്ട് പ്രതിയാവില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഒളിച്ചോടി പോവുകയുമില്ല,’ കുമ്മനം രാജശേഖരന്‍ പറഞ്ഞു.