തിരുവനന്തപുരം: കേരളാ താലിബാനിസത്തിന്റെ ഇരയായത് കൊണ്ടാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പ്രഖ്യാപിച്ചതെന്ന് മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
പഴയിടത്തെ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
‘കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി.
ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയന്‍മാരുടെ ദുഷ്പ്രചരണത്തിന് മുന്നില്‍ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോള്‍ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.
ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഉണ്ട ചോറിന് നന്ദിയുണ്ടെങ്കില്‍ പഴയിടത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം,’ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞതിന് പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകുമെന്നുമാണ് പഴയിടം നമ്പൂതിരി വെള്ളിയാഴ്ച പറഞ്ഞത്.
കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്നും പഴയിടം വ്യക്തമാക്കി.
Content Highlight: Kummanam Rajasekharan said that the former Mohanan Namboothiri Kalotsava was no longer available for cooking because it was a victim of the Kerala Talibanism.