തിരുവനന്തപുരം: ആളുമാറി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അനുശോചനമര്‍പ്പിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് അനുശോചനമര്‍പ്പിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കുമ്മനം രാഷ്ട്രപതിക്ക് അനുശോചനമര്‍പ്പിച്ചിരിക്കുന്നത്.
‘രാഷ്ട്രത്തിന്റെ സര്‍വ സൈന്യാധിപന്‍ വിപിന്‍ റാവത്തും സൈനികരും അപകടത്തില്‍ മരണപ്പെട്ടത് മൂലം താങ്ങാനാവാത്ത നഷ്ടവും അതീവ ദുഃഖവും കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി കഴിയുമ്പോള്‍ ചിലര്‍ അവഹേളിച്ചും അപമാനിച്ചും രംഗത്ത് വന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവുന്നതല്ല,’ എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത് എന്നാല്‍ ഇന്ത്യയുടെ സര്‍വ സൈന്യാധിപന്‍ ബിപിന്‍ റാവത്തല്ല, രാഷ്ട്രപതിയാണെന്നാണ് ഇതിന് പിന്നിലെ വസ്തുത.
എന്നാല്‍ തനിക്ക് പറ്റിയ അബദ്ധം ഇനിയും അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. 22 മണിക്കൂര്‍ മുന്‍പ് പങ്കുവെച്ച പോസ്റ്റ് തിരുത്താനോ ഡിലീറ്റ് ചെയ്യാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് തമാശ.
ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനവും ട്രോളുകളും ഉയരുന്നുണ്ട്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്ന ഒരു വ്യക്തിയെന്ന നിലയില്‍ കേവലമൊരു അബദ്ധമായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളായി ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും കുമ്മനം ഇത് തിരുത്താന്‍ തയ്യാറാവുന്നില്ല എന്നതാണ് രസകരമായ കാര്യം.
രാഷ്ട്രത്തിന്റെ സര്‍വ സൈന്യാധിപന്‍ വിപിന്‍ റാവത്തും സൈനികരും അപകടത്തില്‍ മരണപ്പെട്ടത് മൂലം താങ്ങാനാവാത്ത നഷ്ടവും അതീവ ദുഃഖവും കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി കഴിയുമ്പോള്‍ ചിലര്‍ അവഹേളിച്ചും അപമാനിച്ചും രംഗത്ത് വന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവുന്നതല്ല.
രാഷ്ട്രത്തിന്റെ കാവലാളായും രക്ഷകനായും കര്‍ത്തവ്യനിരതനായി പ്രശംസനീയ സേവനം നടത്തവേയാണ് അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടത്. മക്കളും സൈന്യവും ചേര്‍ന്ന് ദുഃഖഭാരത്തോടെ ചിതക്ക് തീ കൊളുത്തിയപ്പോള്‍ വിവാദങ്ങള്‍ക്കും കിംവദന്തികള്‍ക്കും തിരികൊളുത്തി ചിലര്‍ ആഘോഷമാക്കാന്‍ തയ്യാറായി.
ഇക്കൂട്ടരെ കണ്ടെത്തി രാഷ്ട്രദ്രോഹ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാരിനുണ്ടാകണം. സി.പി.എംന്റെ എം പി മാര്‍ ഉള്‍പ്പടെയുള്ള ഉന്നതനേതാക്കളാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ലെന്ന വാര്‍ത്തയും ആരെയും വേദനിപ്പിക്കുന്നതാണ്.
രാഷ്ട്രവിധ്വംസകശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഇത്തരം നടപടികള്‍ മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കില്‍ നിലനില്‍പ്പ് പോലും അപകടത്തിലാകുന്ന അതീവഗുരുതരമായ സ്ഥിതിയില്ലേക്ക് രാഷ്ട്രം വഴുതി വീഴും . ശക്തമായ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.