വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കേണ്ടെന്ന ആര്‍.എസ്.എസ് നിലപാട് മാറുമോ?; സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മറ്റി
KERALA BYPOLL
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കേണ്ടെന്ന ആര്‍.എസ്.എസ് നിലപാട് മാറുമോ?; സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2019, 11:45 am

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവേണ്ടതില്ല എന്നായിരുന്നു ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുമ്മനം രാജശേഖരനെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിലെ ആര്‍.എസ്.എസ് നിലപാട് എന്തായിരിക്കും എന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ചര്‍ച്ച.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജപ്പെട്ടത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു. അതിന് മുന്‍പ് ഒ. രാജഗോപാല്‍ 15000 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സ്ഥലത്താണ് കുമ്മനം ഇത്ര വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. ഈ കണക്കുകളാണ് കുമ്മനം വട്ടിയൂര്‍ക്കാവില്‍ വേണ്ടെന്ന നിലപാടെടുക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് നേരത്തെ എടുത്തിരുന്നത്. എന്നാല്‍ ഇന്നലെ ആ നിലപാടില്‍ നിന്ന് മാറിയാണ് കുമ്മനം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളെ കുറിച്ച് പ്രതികരിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ ആ തീരുമാനത്തെ അംഗീകരിക്കുമെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയും കുമ്മനം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകളില്‍ ഇടം നേടിയിരുന്ന ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ സുരേഷ് തന്നെയാണ് കുമ്മനത്തിന്റെ പേര് പറഞ്ഞതെന്നും ശ്രദ്ധേയമാണ്. ബി.ജെ.പിയില്‍ നിന്ന് പുറത്തായി ഈയടുത്ത് വീണ്ടും പാര്‍ട്ടിയില്‍ സജീവമായ വി.വി രാജേഷിന്റെ പേരാണ് കുമ്മനത്തിന്റെ പേര് കൂടാതെ പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്.

ആര്‍.എസ്.എസ് താല്‍പര്യപ്പെടുന്ന സ്ഥാനാര്‍ത്ഥി തന്നെയായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുക. കുമ്മനത്തിന്റെ കാര്യത്തില്‍ ആര്‍.എസ്.എസ് നിലപാട് മാറിയാല്‍ മറ്റാരുമായിരിക്കില്ല അവിടെ സ്ഥാനാര്‍ത്ഥി.