എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി അന്ന് സി. ദിവാകരന്റെ വോട്ട് ശശി തരൂരിന് കൊടുത്തു; ഇത്തവണ ഒന്നുകില്‍ വിജയിക്കും, അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും കുമ്മനം
തിരുവനന്തപുരം: ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടു മറിച്ചു കൊടുക്കുന്നുണ്ടെന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വേണ്ടി സി. ദിവാകരന്റെ വോട്ട് ശശി തരൂരിന് മറിച്ചുനല്‍കിയെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുന്നോട്ടുപോകുന്നതെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഈ പാര്‍ട്ടികളെല്ലാം വളര്‍ന്നത് പരസ്പരം സഹകരിച്ചും സഹായിച്ചുമാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ അവര്‍ കൂട്ടുകെട്ടുണ്ടാക്കുമെന്നത് ആര്‍ക്കും മനസിലാക്കാവുന്നതാണ്. അത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് വ്യക്തമായതാണ്.
സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് എങ്ങനെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടിയല്ലെ സി. ദിവാകരന്റെ വോട്ട് ശശി തരൂരിന് കൊടുത്തത്. ഇതൊക്കെ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. എല്ലാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടി പരസ്പരം വോട്ട് മറിച്ചുകൊടുക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തില്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളുകുറെയായി, കുമ്മനം പറഞ്ഞു.
പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്ഥാന ഭരണം പിടിക്കാന്‍ തക്ക ശക്തി കേരളത്തില്‍ ബി.ജെ.പിക്ക് ഇപ്പോഴുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കഴിയുമെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.
രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍.ഡി.എ കേരളത്തില്‍ മത്സരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി കേരളത്തിന്റെ ഭരണ രംഗത്തുണ്ടായിരുന്നവരാണ്. ഒന്നുകില്‍ ഭരിക്കും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും. ഈ രണ്ട് പ്രബലമുന്നണികള്‍ക്കിടയില്‍ കൂടി കയറിവരാന്‍ കുറച്ച് കാലതാമസം എടുക്കും. പക്ഷെ ഇപ്പോഴത് വളരെ വേഗത്തിലായി.
ബി.ജെ.പിയുടെ വളര്‍ച്ച എന്നത് ‘സ്റ്റെഡി ബട്ട് സ്ലോ’ എന്ന രീതിയിലാണ്. ആ വളര്‍ച്ച ഇപ്രാവശ്യം കുറേക്കൂടി കൂടും. അപ്പോള്‍ ഒരു നിര്‍ണായക ശക്തിയാകും. എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദലായി ഒരു നിര്‍ണായക ശക്തിയാകാന്‍ പോവുകയാണ് എന്‍.ഡി.എ. മുന്നണിക്ക് ജനസ്വാധീനം വര്‍ധിച്ച് വരികയാണ്.
140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് വിജയിക്കാനാണ്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ജയിക്കുന്നതേത് തോല്‍ക്കുന്നതേത് എന്ന് ഒരിക്കലും പറയില്ല. വിജയ പ്രതീക്ഷയുണ്ട്. കാരണം വെറും പൂജ്യത്തില്‍ നിന്ന് വളര്‍ന്നുവന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരോ മണ്ഡലത്തിലും നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും കമ്മിറ്റി ആയി കഴിഞ്ഞു. അത്രയ്ക്ക് ആസൂത്രിതവും സുസംഘടിതവും ആത്മാര്‍ഥവുമായി സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല പ്രതീക്ഷയുണ്ട്.
കേരള രാഷ്ട്രീയം ഒരു വഴിത്തിരിവിന്റെ ഘട്ടത്തിലാണുള്ളത്. നാളിതുവരെ 64 വര്‍ഷമായി ഭരിച്ചവരാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. 64 വര്‍ഷം കൊണ്ട് കേരളത്തെ കുട്ടിച്ചോറാക്കി രണ്ട് മുന്നണികളും. ജനങ്ങളിന്നത് തിരിച്ചറിയുന്നു. ആ തിരിച്ചറിവില്‍ നിന്നൊരു മാറ്റത്തിന്റെ അടങ്ങാത്ത ദാഹം ജനങ്ങളില്‍ കാണാം. അതുകൊണ്ടൊരു മാറ്റമുണ്ടാകും. മാറ്റമുണ്ടായെ പറ്റു. മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയൊരു പടപ്പുറപ്പാടാണ് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്. തീര്‍ച്ചയായും അത് എന്‍.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കും, കുമ്മനം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക