കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തനായ ഒരു പ്രമുഖന്‍ തന്റെ രക്തത്തിന് ദാഹിക്കുന്നുവെന്ന് കുമ്മനം
Daily News
കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തനായ ഒരു പ്രമുഖന്‍ തന്റെ രക്തത്തിന് ദാഹിക്കുന്നുവെന്ന് കുമ്മനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2016, 5:08 pm

ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ടെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം വ്യക്തമാക്കി.


തിരുവനന്തപുരം: കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ടെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം വ്യക്തമാക്കി.

സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തിയ സത്യാഗ്രഹ സമരത്തില്‍ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബി.ജെ.പിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം നടന്ന സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജനങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കും. കേരളത്തിലെ സഹകരണ മേഖലയെ എന്തിന് തകര്‍ക്കാന്‍ വരുന്നു എന്ന കാര്യം, രാജശേഖരാ ഞങ്ങള്‍ക്കും അതിനെ കുറിച്ച് അറിയാമെന്നും കുമ്മനത്തിന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമരം കള്ളപ്പണക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് കുമ്മനം ആരോപണമുന്നയിച്ചിരുന്നു. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം പ്രധാനമന്ത്രി നേരത്തെ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന് മുഖ്യമന്ത്രിയുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും കുമ്മനം വെല്ലുവിളിച്ചിരുന്നു.

തെളിവ് വേണമെങ്കില്‍ കുമ്മനം രാജസ്ഥാനിലെ കോട്ടയിലുള്ള ബി.ജെ.പി എം.എല്‍.എയോട് ചോദിക്കണം. അദ്ദേഹമാണല്ലോ മോദിയുടെയും അദാനിയുടെയും അംബാനിയുടെയുമൊക്കെ മഹത്വങ്ങള്‍ പാടിയതെന്നായിരുന്നു ഇതിന് മുഖ്യന്റെ മറുപടി.