|

അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുത; ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂരെന്നും കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം പറഞ്ഞു.

ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂരെന്നും കുമ്മനം ആരോപിച്ചു. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് അടൂരിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. കത്തില്‍ അടൂരും ഒ്പ്പിട്ടിരുന്നു.

ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരെ ആദ്യം രംഗത്തെത്തിയത്.

‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

WATCH THIS VIDEO: