| Tuesday, 19th July 2016, 3:12 pm

എം.കെ ദാമോദരന്‍ നിയമോപദേശക പദവി ഏറ്റെടുക്കില്ലെന്നത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എംകെ ദാമോദരന്‍ നിയമോപദേശക പദവി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിന്‍വാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നതെന്ന് കുമ്മനം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കോടതിയില്‍ ഹര്‍ജി കൊടുത്തയുടനെ തന്നെ സര്‍ക്കാര്‍ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വൈകിയാണെങ്കിലും തെറ്റു തിരുത്താന്‍ തയ്യാറായത് ശ്ലാഘനീയമാണെന്നും കുമ്മനം പറഞ്ഞു. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കത്തിനെതിരെയും ബി.ജെ.പി സമരം തുടരുക തന്നെ ചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എം.കെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ എം.കെ ദാമോദരന്‍ നിയമന ഉത്തരവ് കൈപറ്റിയിരുന്നില്ല. കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിവാദങ്ങള്‍ കനക്കുന്നതാണ് നിയമോപദേഷ്ടാവ് എന്ന പദവി ഒഴിയാന്‍ കാരണം. എം.കെ ദാമോദരനെ മാറ്റുന്നതാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുളള ഏക പോംവഴിയെന്ന അഭിപ്രായം മുന്നണിക്കുളളില്‍ തന്നെ ശക്തമായിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ പരസ്യനിലപാടുമായി മുന്നോട്ടു വന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സി.പി.ഐ പരസ്യമായ നിലപാട് എടുത്തതും ദാമോദരനെ ചൊടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more