| Wednesday, 1st August 2018, 8:02 am

കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ലെന്ന് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീധരന്‍പിള്ള. ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍മാര്‍ ഉടന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന പതിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ആര്‍.എസ്.എസും ഉന്നയിച്ചിരുന്നു. കുമ്മനം മത്സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.

ALSO READ: ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്; ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത

എന്നാല്‍ കുമ്മനം ഉടനൊന്നും മടങ്ങിവരില്ലെന്ന സൂചനയാണ് ശ്രീധരന്‍പിള്ള നല്‍കുന്നത്. ആര്‍.എസ്.എസിന്റെ പിന്തുണയുള്ളത് കൊണ്ടാണ് താന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ സ്ഥാനം കുമ്മനത്തിനുള്ള ആദരവാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനെ മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ചെങ്ങന്നൂരില്‍ ജയിക്കാമായിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശ്രീധരന്‍ പിള്ള ബി.ജെ.പി.യുടെ പ്രസിഡന്റായത്.

ALSO READ: കുറുവടി കൊണ്ട് വടിച്ചു തീര്‍ക്കാനാവാത്ത മീശ; മീശ പുസ്തകമായി നാളെ ഇറങ്ങുന്നു

കുമ്മനം രാജശേഖരനെ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാതെ ബി.ജെ.പി പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വി.മുരളീധരന്‍പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ദേശീയ നേതൃത്വത്തെ കുഴക്കിയത്.

കുമ്മനം രാജശേഖരന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെയാണ് ദേശീയ നേതൃത്വം പ്രതിസന്ധിയിലായത്.

ALSO READ: കുറുവടി കൊണ്ട് വടിച്ചു തീര്‍ക്കാനാവാത്ത മീശ; മീശ പുസ്തകമായി നാളെ ഇറങ്ങുന്നു

ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നുവന്നത്. 2015ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന വി.മുരളീധരന് പകരക്കാരനായി കുമ്മനം രാജശേഖരന്‍ എത്തിയത് കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. 2015 ഡിസംബര്‍ 18 നായിരുന്നു കുമ്മനം അധ്യക്ഷനായത്.

അന്ന് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍.എസ്.എസില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ തീരുമാനമാകുകയായിരുന്നു. അന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച് ബാലശങ്കറിനെ വെട്ടി ഹിന്ദു ഐക്യവേദി അധ്യക്ഷനായ കുമ്മനത്തിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more