| Friday, 17th May 2019, 11:02 am

തിരുവനന്തപുരത്ത് സി.പി.ഐ.എം യു.ഡി.എഫിന് വോട്ട് മറിച്ചു; ക്രോസ് വോട്ടിങ് ആരോപണവുമായി കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം വരാനിരിക്കവെ തിരുവനന്തപുരം മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണവുമായി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സി.പി.ഐ.എമ്മില്‍ നിന്ന് യു.ഡി.എഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യതയെന്നും എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിന് ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നും കുമ്മനം പറയുന്നു. പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞുകൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബി.ജെ.പി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങ്ങിനുള്ള കാരണം. എല്‍.ഡി.എഫുകാര്‍ ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ സൂചനകള്‍ ഉണ്ട്. അങ്ങനെ നടന്നോ എന്ന് മെയ് 23 ന് വോട്ട് എണ്ണുമ്പോള്‍ തെളിയുമെന്നും കുമ്മനം പറഞ്ഞു.

ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പഠിപ്പിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു.

തലസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടക്കില്ലെന്നായിരുന്നു കഴിഞ്ഞ മാസം കുമ്മനം പ്രതികരിച്ചത്. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണ്. മുന്നണികള്‍ ക്രോസ് വോട്ടിങ്ങിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.

മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തില്‍ ഇറക്കിയായിരുന്നു അവസാന ദിവസങ്ങളില്‍ ബി.ജെ.പി പ്രചരണം നടത്തിയത്.

എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും റോഡ് ഷോകളില്‍ രംഗത്ത് ഇറക്കിയായിയരുന്നു അവസാന ദിവസം കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. സംസ്ഥാന ദേശീയ നേതാക്കളെ ആദ്യമുതല്‍ തന്നെ ഇടതുമുന്നണിയും അണിരത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more