സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകണം; അക്രമസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കുമ്മനം
Daily News
സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകണം; അക്രമസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കുമ്മനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 12:13 pm

തിരുവനന്തപുരം: വളരെ വേദനിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ സംജാതമായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സമാധാനം കൈവരിക്കാനായി ഏതെല്ലാം ഭാഗത്ത് നിന്ന് എന്തെല്ലാം ചര്‍ച്ചയാണോ വേണ്ടത് അതിന് ബി.ജെ.പിയും ആര്‍.എസ്.എസും എല്ലാ പിന്തുണയും നല്‍കുമെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും എത്തിയതെന്നും കുമ്മനം പറഞ്ഞു.

അക്രമസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അങ്ങനെയാരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

വീടുകളും പാര്‍ട്ടി ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംഘടനാ സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനോടൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യവും ബഹുസ്വരതയും കേരളത്തില്‍ നിലനിന്നേ മതിയാകൂ. അത് ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം.

കണ്ണൂരിലും തിരുവനന്തപുരത്തും കോട്ടയത്തും ഉണ്ടായത് വേദനിപ്പിക്കന്ന സംഭവമാണ്. ഇത് തടയുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. സി.പി.ഐ.എമ്മിന്റെ ആഞ്ജാനുവര്‍ത്തിക്കകളായി പൊലീസ് മാറരുത്. തെറ്റു ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക തന്നെ വേണമെന്നും കുമ്മനം പറഞ്ഞു.