| Sunday, 29th September 2019, 3:38 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടല്ല വട്ടിയൂര്‍ കാവില്‍ സീറ്റ് നല്‍കാഞ്ഞത്; പ്രതികരിച്ച് കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചിരുന്ന കുമ്മനം രാജശേഖരനെ തള്ളിയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം യുവമോര്‍ച്ചാ നേതാവ് എസ്. സുരേഷിന് സീറ്റ് നല്‍കിയത്.

മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തന്റെ പേര് അയച്ചതാണെന്നും പക്ഷേ ഒരാളെയല്ലേ അംഗീകരിക്കാന്‍ പറ്റുള്ളൂവെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യപ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സ്വാധീനിച്ചോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

പരാജയമൊന്നും അതിന് ഒരു കാരണമല്ലെന്നും അങ്ങനെയാണെങ്കില്‍ നിരവധി തവണ താന്‍ പരാജയപ്പെട്ടതാണല്ലോയെന്നും കുമ്മനം ചോദിച്ചു.
തന്നെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലെന്നും കുമ്മം പറഞ്ഞു.

താങ്കളുടെ പേരായിരുന്നല്ലോ പട്ടികയില്‍ ആദ്യമുണ്ടായിരുന്നത് എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിഞ്ഞുകൂടായെന്നായിരുന്നു കുമ്മനം നല്‍കിയ മറുപടി.

സംഘടനയെടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കുമെന്ന് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുകയാണ്. സുരേഷിന്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാനും തയ്യാറാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടായിരിക്കാം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാര്‍ത്ഥി തന്നെയാണ് സുരേഷ് എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം വിജയിക്കുമെന്ന് ഉറച്ച വിശ്വസിക്കുകയാണ്.

ജനസേവനത്തിന് ഏത് മാര്‍ഗവും ഏത് അവസരവും ഏത് സന്ദര്‍ഭവും ഏത് സ്ഥാനവും ഉപയോഗപ്പെടുത്തുക, ഞാന്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ്. ഇനിയും എന്റെ പ്രവര്‍ത്തനം തുടരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദം ഉണ്ടായതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. ഒരാളെയല്ലേ നിശ്ചയിക്കാന്‍ പറ്റുള്ളൂ. അതിന് അതിന്റേതായ കാരണങ്ങള്‍ ഉണ്ടാകാം. അത് എന്ത് കാരണങ്ങളായാലും ഞാന്‍ ശിരസാ വഹിക്കുകയാണ്. ഇതില്‍ മാറികൊടുക്കലും അകത്താവലും പുറത്താവലുമൊന്നും ഇല്ല.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അവസാന വാക്ക്. അവരാണ് എല്ലാ കാര്യങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുന്നത്. ഒന്നാമനായാണോ രണ്ടാമനായാണോ മൂന്നാമനായാണോ എന്റെ പേര് കൊടുത്തതെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ സന്തുഷ്ടനാണ്. ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് കണ്ടെത്തിയത്. – കുമ്മനം പറഞ്ഞു.

കുമ്മനത്തിന്റെ കാല്‍ തൊട്ട് വണങ്ങിയ ശേഷമായിരുന്നു എസ് സുരേഷ് മാധ്യമങ്ങളെ കണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി സുരേഷിന് പിന്നില്‍ അണിനിരന്നു കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

We use cookies to give you the best possible experience. Learn more