മുംബൈ: അഹമ്മദാബാദിലെ പിച്ച് ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് കൊഴുക്കുകയാണ്. പിച്ചിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ മുന്‍ താരം ഗംഭീറും ചര്‍ച്ചയുടെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ പിച്ചിനെക്കുറിച്ചല്ല, പിച്ച് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ യുവരാജ് സിംഗ് നടത്തിയ പരാമര്‍ശത്തോടാണ് ഗംഭീറിന്റെ പ്രതികരണം.
അഹമ്മദാബാദിലെ പോലുള്ള പിച്ചുകളില്‍ കളിച്ചിരുന്നുവെങ്കില്‍ അനില്‍ കുംബ്ലൈ 1000 വിക്കറ്റും ഹര്‍ഭജന്‍ 800 വിക്കറ്റും നേടിയേനേ എന്നായിരുന്നു യുവരാജ് പറഞ്ഞത്. എന്നാല്‍ പിച്ച് ഏതായിരുന്നേലും കുംബ്ലെയും ഹര്‍ഭജനും കരിയറില്‍ കൂടുതല്‍ വിക്കറ്റ് നേടുമായിരുന്നു എന്നാണ് ഗംഭീറിന്റെ അഭിപ്രായം.
കുംബ്ലെയും ഹര്‍ഭജനും കളിക്കുന്ന സമയത്ത് ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഇല്ലെന്നും വിക്കറ്റ് നേടുന്നതില്‍ ഈ സംവിധാനം ഇക്കാലത്ത് നിര്‍ണായകമായിരിക്കുകയാണെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് കളി തീര്‍ന്നത്.
49 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (15) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലും നാല് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടുകാരെ തകര്‍ത്തുവിട്ടത്.