ന്യൂദല്‍ഹി: മെയ് 16നാണ് യു.പിയില്‍ അതിഥി തൊഴിലാളികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ ആയിരം ബസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് അനുമതിയും ആവശ്യപ്പെട്ടു. ബസുകള്‍ യു.പി അതിര്‍ത്തികളില്‍ തയ്യാറായി നില്‍ക്കുകയാണെന്ന വിവരം പ്രിയങ്ക പിന്നീട് വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ നൂറ് കണക്കിന് ബസുകള്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളാണെന്നും യോഗിയുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും അവകാശപ്പെട്ടുള്ള പ്രചരണങ്ങളും ഉണ്ടായി.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ച് ട്വീറ്റുകള്‍ ചെയ്തത്.
എന്നാല്‍, അതിഥി തൊഴിലാളികളുമായോ പ്രിയങ്കാ ഗാന്ധിയുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം. കുംഭമേളയ്ക്കിടെ കഴിഞ്ഞ വര്‍ഷം പ്രയാഗ് രാജില്‍നിന്നുള്ളതാണ് ഈ ചിത്രം. 500 ബസുകളുടെ നീണ്ട പരേഡുമായി യു.പി സര്‍ക്കാര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ചിത്രമാണിത്.
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ദ ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളില്‍ 2019 ഫെബ്രുവരിയില്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
3.2 കിലോമീറ്റര്‍ നീണ്ട ബസ് പരേഡ് നടത്തിയായിരുന്നു സര്‍ക്കാര്‍ അന്ന് ഗിന്നസ് നേട്ടം കരസ്ഥമാക്കിയത്. 500 ബസുകള്‍ ഏര്‍പ്പെടുത്തിയായിരുന്നു ഇത്.
അതേസമയം, അതിഥി തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനുള്ള ആവശ്യത്തിന്‍മേല്‍ സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക