ഡെറാഡൂണ്‍: കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടയിലും കുംഭമേളയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത്. നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തെയും ഹരിദ്വാറിലെ കുംഭമേളയെയും താരതമ്യം ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കൊവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രണ്ട് മതച്ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമായില്ലേയെന്നും പിന്നീട് എന്തുകൊണ്ടാണ് രണ്ടും വ്യത്യസ്തമായി കാണുന്നതെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരഥ് സിംഗ് റാവത്ത്.
‘കുംഭമേളയും മര്‍ക്കസ് സമ്മേളനവും തമ്മില്‍ ഒരു താരതമ്യവും നടത്താനാകില്ല. മര്‍ക്കസ് സമ്മേളനം അടച്ചിട്ട ഒരു സ്ഥലത്താണ് നടന്നത്. എന്നാല്‍ കുംഭമേള വളരെ തുറസ്സായി, ഗംഗയുടെ തീരത്താണ് നടന്നത്. കുംഭമേയില്‍ പങ്കെടുക്കുന്നത് നമ്മുടെ സ്വന്തം ആളുകളാണ്, അല്ലാതെ പുറത്തുനിന്നുള്ളവരല്ല,’ അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീന്‍ സമ്മേളനം നടന്ന സമയത്ത് കൊവിഡിനെ കുറിച്ച് കാര്യമായ അവബോധമില്ലായിരുന്നെന്നും അതുകൊണ്ട് തന്നെ അവിടെ പങ്കെടുത്തവര്‍ എത്ര സമയമാണ് സമ്മേളന സ്ഥലത്ത് തന്നെ കഴിഞ്ഞതെന്ന് അറിയില്ലെന്നും തിരഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കുംഭമേളയില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രോട്ടോക്കോളുകളെല്ലാം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങാണെന്നും ലക്ഷകണക്കിന് പേരുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആരോഗ്യം പ്രധാനപ്പെട്ട വിഷയമാണെങ്കിലും വിശ്വാസപരമായ കാര്യങ്ങളെ അവഗണിക്കാനാവില്ലെന്നും തിരഥ് സിംഗ് പറഞ്ഞു.
മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആയിരക്കണക്കിന് പേര്‍ കുംഭമേളയ്ക്ക് വേണ്ടി ഗംഗയുടെ തീരത്ത് ഒത്തുച്ചേര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിന്നു. കൊവിഡ് അതിരൂക്ഷമായ പടരുന്ന സാഹചര്യത്തിലും ഇത്തരം ചടങ്ങുകള്‍ അനുവദിക്കുന്ന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഈ റിപ്പോര്‍ട്ടുകളിലെല്ലാം ഉയര്‍ന്നിരുന്നത്.
ഉത്തരാഖണ്ഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ റെക്കോര്‍ഡ് നമ്പര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും.
1.84 ലക്ഷം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. കഴിഞ്ഞ ദിവസം മാത്രം 1027 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 13,65,704 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
തുടര്‍ച്ചയായി നാലാം ദിവസവും ഒന്നരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോള്‍. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kumbh Mela and Nizamudheen Markaz shoud not be compared: Uttarakahand CM