ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ കുംഭ മേള നടത്തിയതിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ കായികതാരങ്ങള്‍ തമ്മില്‍ വാഗ്വാദം ശക്തമായി. ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും ഗുസ്തി താരം യോഗേശ്വര്‍ ദത്തും തമ്മിലാണ് ട്വിറ്ററില്‍ വാക്‌പോര് നടന്നത്.
കുംഭ മേള നടക്കുന്നതിനെ പിന്തുണച്ചുകൊണ്ട് യോഗേശ്വര്‍ എഴുതിയ ട്വീറ്റിന് മറുപടിയുമായി അഭിനവ് ബിന്ദ്ര രംഗത്തെത്തുകയായിരുന്നു.
നിയമവിരുദ്ധമായിട്ടല്ല ആരും കുംഭ മേളയിലെത്തുന്നതെന്നും പങ്കെടുക്കുന്നവരെല്ലാം പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നുമായിരുന്നു യോഗേശ്വര്‍ ദത്തിന്റെ ട്വീറ്റ്. സുരക്ഷാ ഉദ്യോഗസ്ഥരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ മുഖത്ത് ആരും തുപ്പുന്നില്ലെന്നും അധികൃതര്‍ വരുമ്പോള്‍ ഓടിയൊളിക്കുന്നില്ലെന്നും യോഗേശ്വര്‍ പറഞ്ഞു.
ഇതിനോട് രൂക്ഷമായ ഭാഷയിലാണ് അഭിനവ് ബിന്ദ്ര പ്രതികരിച്ചത്. രാജ്യത്താകെ മഹാമാരി പടര്‍ന്നുപിടിക്കുന്ന സമയത്ത് കുംഭമേള നടത്തേണ്ട കാര്യം തന്നെയുണ്ടായെന്ന് അഭിനവ് ബിന്ദ്ര ചോദിച്ചു. വൈറസ് മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവൊന്നും കാണിക്കില്ലെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്നും ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താനും ഈ മഹാമാരിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് സഹാനുഭൂതിയോടെ പെരുമാറാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും അഭിനവ് പറഞ്ഞു. ഈ പ്രധാന ലക്ഷ്യത്തില്‍ ശ്രദ്ധിക്കാത്ത യോഗേശ്വര്‍ ദത്ത് കായികലോകത്തെ തന്നെ പരാജയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി അംഗം കൂടിയാണ് യോഗേശ്വര്‍ ദത്ത്. അഭിനവ് നടത്തിയ പരാമര്‍ശങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ ലക്ഷകണക്കിന് പേര്‍ പങ്കെടുത്ത കുംഭ മേള നടത്തിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കുംഭ മേളയില്‍ പങ്കെടുത്ത നൂറ് കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും മുഖ്യ കാര്‍മ്മികരടക്കമുള്ള സന്യാസികള്‍ മരിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് കൊവിഡ് സ്ഥിതി ഗുരുതരമാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക