കേരളത്തില്‍ എനിക്ക് ഇപ്പോള്‍ ഒരു കുടുംബമുണ്ട്..; കുമ്പളങ്ങി നൈറ്റ്‌സിലെ തമിഴ് മാലാഖ ഷീല രാജ്കുമാര്‍ സംസാരിക്കുന്നു
ശംഭു ദേവ്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടവരാരും സജി വഞ്ചി തുഴഞ്ഞ് കൈക്കുഞ്ഞുമായി വന്ന മാലാഖയെ മറക്കാനിടയില്ല. ഷീല രാജ്കുമാര്‍ എന്ന നര്‍ത്തകിയുടെയും, നടിയുടെയും കലാജീവിതത്തിലെ യാത്രയെ കുറിച്ച്, കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നല്‍കിയ പാഠങ്ങളെ കുറിച്ച് ഡൂള്‍ന്യൂസുമായി പങ്കുവെയ്ക്കുന്നു. ഷീല രാജ്കുമാറുമായി ശംഭുദേവ് നടത്തിയ അഭിമുഖം.

എങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എത്തുന്നത് ?

മാനേജര്‍ വഴിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ എന്നെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഞാന്‍ അഭിനയിച്ച “അഴകിയ തമിഴ് മകള്‍” എന്ന സീരിയല്‍ കണ്ടിട്ട് എന്നെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അപ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലേക്ക് ഒരു തമിഴ് പെണ്ണിന്റെ റോള്‍ ചെയ്യുവാന്‍ ഞാന്‍ യോജ്യമായിരിക്കുമെന്ന് ശ്യാം പുഷ്‌കരനോട് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ചിത്രത്തിലേക്ക് എത്തിപ്പെടുന്നത്.

കുമ്പളങ്ങി നൈറ്റ്സിലെ നിങ്ങളുടെ കഥാപാത്രം ഒരേ സമയം ക്ഷമിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ്. സജി എന്ന കഥാപാത്രത്തിന്റെ മാറ്റത്തില്‍ “സതി” എന്ന കഥാപാത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്… ഷീല എങ്ങനെയാണ് സതി എന്ന കഥാപാത്രത്തെ നോക്കി കാണുന്നത് ?

ഭര്‍ത്താവാണ് ജീവിതമെന്ന് വിശ്വസിച്ച്,സ്വന്തം വീടും നാടും വിട്ട് ഒരു പുതിയ സ്ഥലത്തേക്ക് കല്യാണം കഴിച്ചു വരുന്ന ഒരു പെണ്‍കുട്ടി, ശേഷം അവളുടെ ഭര്‍ത്താവ് മരിച്ചു പോകുന്നു, അത്തരം സാഹചര്യത്തിലേക്ക് തന്നെ എത്തിച്ച ഒരാളോട് പൊതുവെ ആരും ക്ഷമിക്കുകയില്ല, പക്ഷെ അതിനെയും മറികടന്ന് “സതി” എന്ന കഥാപാത്രം ക്ഷമിക്കുന്നു, അതാണ് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നതും, എന്നെ ഏറെ പ്രചോദിപ്പിച്ച ഘടകവും. സതി എന്ന കഥാപാത്രം പലപ്പോഴും നിശബ്ദമാണെങ്കിലും, ഏറെ ശക്തമായ ഒരു കഥാപാത്രമാണ്.


സതി എന്ന കഥാപാത്രം ഷീല എന്ന വ്യക്തിയുമായി എന്തെങ്കിലും സാമ്യം ഉണ്ടോ?

തീര്‍ച്ചയായും ഉണ്ട്… ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്സ് എനിക്ക് നല്‍കിയ പാഠങ്ങള്‍ വളരെ വലുതാണ്. നമ്മള്‍ പരമ്പരാഗതമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ചില കാര്യങ്ങളുണ്ടല്ലോ, ഒരു കുടുംബം എന്നാല്‍ ഇങ്ങനെ ആയിരിക്കണം, നമ്മള്‍ ചില ജാതിയില്‍പ്പെട്ട ആളുകളോട് സംസാരിക്കുവാന്‍ പാടില്ല, കൂട്ടുകൂടുവാന്‍ പാടില്ല അപ്പോള്‍ അത്തരം കാര്യങ്ങളെ മറികടന്ന് താഴെക്കിടയിലുള്ള ആളുകളുടെ ഇടയിലും സ്‌നേഹമുണ്ട്, ബന്ധങ്ങള്‍ക്ക് സ്ഥാനമുണ്ട് എന്നെല്ലാമാണ് ആ ചിത്രം നമുക്ക് മനസ്സിലാക്കി തരുന്നത്. ചിത്രത്തില്‍ ബേബി എന്ന കഥാപാത്രം പോലെ പ്രധാനമാണ് സതിയും, അവള്‍ക്ക് ഏത് നിമിഷം വേണമെങ്കിലും സജിയുടെ കുടുംബത്തെ വിട്ട് പോകാമായിരുന്നു, അവള്‍ അത് ചെയ്തില്ല കാരണം ആ കുടുംബം അവള്‍ക്ക് അത്രയും പ്രധാനപ്പെട്ട ഒന്നാണ്. സമൂഹം നല്ലവരെന്ന് വിളിക്കുന്ന ആളുകളെക്കാള്‍ എനിക്ക് ഏറ്റവും സ്‌നേഹം കിട്ടിയുട്ടുള്ളത് സജിയുടെ കുടുംബം പോലെ ചെറിയ തൊഴിലൊക്കെ ചെയ്ത് ഒരു കൊച്ചു ജീവിതം നയിക്കുന്ന ആളുകളില്‍ നിന്നാണ്. അത് നമ്മള്‍ തേടി പോകുന്നതിലാണുള്ളത്.

കുമ്പളങ്ങി നൈറ്റ്സിലെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

മനോഹരമായ ദിവസങ്ങളെന്ന് മാത്രമാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിങ് വേളകളെ പറയാന്‍ പറ്റൂ. എനിക്ക് കേരളത്തില്‍ ഒരു കുടുംബത്തെ കിട്ടിയ ഒരു സന്തോഷമാണ്. ഉണ്ണി മായ, ശ്യാം പുഷ്‌കരന്‍, സൗബിന്‍,ഷെയ്ന്‍ അങ്ങനെയെല്ലാവരും തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ടവരായി.

തമിഴ് സിനിമയില്‍ നിന്ന് വരുന്ന ഒരു നടി എന്ന നിലയില്‍ മലയാളം സിനിമയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്?

ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചു. ചിത്രീകരണ ശൈലി ഏറെ ഇഷ്ടപ്പെട്ടു. ഷൂട്ടിങ് സ്ഥലത്തുണ്ടാവുന്ന ഒരു ടെന്‍ഷനുകളും ഒരിക്കലും ആര്‍ട്ടിസ്റ്റിന്റെ മേല്‍ കാണിക്കുകയോ,അവരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഒരു ആര്‍ട്ടിസ്റ്റിന് അഭിനയിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.

ഒരു അഭിനേത്രി എന്ന നിലയില്‍ നമുക്ക് ഏറ്റവും സംതൃപ്തി നല്‍കുന്നതും ഇതൊക്കെ തന്നെയാണ്. പിന്നെ ചിത്രീകരണത്തിനിടയില്‍ ടേക്ക് പോകുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരിക്കും.സിങ്ക് സൗണ്ട് ആയിരുന്നു ചിത്രത്തിന്റേത് അപ്പോള്‍ അത് തന്നെ എനിക്ക് ഏറ്റവും വലിയ പാഠമായിരുന്നു. ഞാന്‍ പറഞ്ഞ പല ഡയലോഗുകളും ഡബ്ബിങ്ങില്‍ ചെയ്തതായിരുന്നില്ല ഓണ്‍ സ്‌പോട്ടില്‍ പറഞ്ഞതായിരുന്നു.

സതി എന്ന കഥാപാത്രത്തെ എഴുത്തുകാരനും സംവിധായകനും ഷീലയ്ക്ക് വിവരിച്ചു തന്ന ഒരു രീതിയുണ്ടല്ലോ. അത് എങ്ങിനെയായിരുന്നു ?

എന്റെ ഒരു സീന്‍ എടുക്കുന്നതിന് മുന്‍പ് സംവിധായകന്‍ മധു സാര്‍ അത് പൂര്‍ണമായും വിവരിച്ചു തരും, അതിന് ശേഷം ശ്യാം പുഷ്‌കരന്‍ ഞാന്‍ പറയേണ്ട ഡയലോഗിനെ കുറിച്ച് വിവരിക്കും ശേഷം പറയും “ഞാന്‍ ഇത് മലയാളത്തില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്, ഇതാണിതിന്റെ അര്‍ത്ഥം, അപ്പോള്‍ നിങ്ങള്‍ ഈ സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കുമോ അങ്ങനെ ചെയ്താല്‍ മതി, ജീവിതത്തില്‍ എങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത് അങ്ങനെ പറഞ്ഞാല്‍ മതി, അതില്‍ ഏതെങ്കിലും രീതിയില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഞാന്‍ പറയാം” എന്ന്. ഇങ്ങനെ ഞാനുമായി ചര്‍ച്ച ചെയ്താണ് എന്റെ ഓരോ സീനും ഷൂട്ട് ചെയ്തത്.

എല്ലാം നമ്മുടെ ഒരു കംഫര്‍ട്ട് അനുസരിച്ച് പ്രതിഫലിപ്പിക്കുകയായിരുന്നു.പിന്നെ ശ്യാം സാര്‍ ഡയലോഗുകളെക്കാള്‍ ഏറെ മുഖഭാവങ്ങളിലും, പ്രകടനത്തിലുമാണ് പ്രാധാന്യം നല്‍കുന്നത്, സതിയെ അവതരിപ്പിച്ചിരിക്കുന്നതും അങ്ങനെയാണ്. എല്ലാത്തിനെയും മറികടന്ന് സജിയുടെ വീട്ടിലേക്ക് വരുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് സതി, അപ്പോള്‍ സംഭാഷണങ്ങള്‍ക്കപ്പുറം ഒരു നോട്ടമോ മുഖഭാവമോ ഒക്കെ മതി അത് നന്നായി വര്‍ക്ക് ഔട്ട് ആകുമെന്നൊക്കെ പറഞ്ഞു ശ്യാം സാര്‍. ഉദാഹരണത്തിന് ആ വഞ്ചിയില്‍ കൈ കുഞ്ഞുമായി വരുന്ന രംഗത്തില്‍ സംഭാഷണങ്ങളെക്കാള്‍ ആ വിഷ്വലാണ് ഏറെ പ്രേക്ഷകനോട് സംസാരിച്ചത്. ആ രംഗത്തിന് ഇവിടെ ചെന്നൈയിലെ തിയേറ്ററില്‍ നല്ല കൈയ്യടികളായിരുന്നു.

ഭരതനാട്യത്തില്‍ പി.ജി എടുത്ത ആളാണ് ഷീല. എപ്പോഴാണ് ഒരു നടിയാകാണമെന്ന് തീരുമാനിക്കുന്നത്?

ചെറുപ്പം മുതലേ അഭിനയത്തോട് താല്‍പര്യം ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാം നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ഫാന്‍സി ഡ്രസ്സ് മത്സരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. പക്ഷെ സിനിമ മോഹം ഉള്ളിലേക്ക് വരുന്നത് 2010-ല്‍ തമിഴില്‍ ഷോര്‍ട്ട് ഫിലിമെല്ലാം ചെയ്തപ്പോഴാണ്. അതിന് ശേഷം ചെന്നൈയില്‍ ഫ്രീലാന്‍സ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി സ്റ്റേജ് ഡ്രാമയും, തിയേറ്റര്‍ പ്ലേയ്സും, തെരുവ് നാടകങ്ങളുമെല്ലാം ചെയ്യുമായിരുന്നു, അതിനോട് അനുബന്ധിച്ച് ഒരുപാട് പേര്‍ക്കൊപ്പം യാത്ര ചെയ്യുവാന്‍ സാധിച്ചു.

അതിന് ശേഷം തമിഴില്‍ ടു-ലെറ്റ് എന്ന ചിത്രം ചെയ്തു, അതൊരു നാഷണല്‍ അവാര്‍ഡ് ചിത്രമായിരുന്നു, ഫെസ്റ്റിവല്‍സിനൊക്കെ പ്രദര്‍ശിപ്പിച്ചിരുന്നു അതിന് ശേഷം ഒരു രണ്ട് വര്‍ഷത്തെ ഇടവേള സംഭവിച്ചു. കാരണം ഞാന്‍ അഭിനയിച്ചത് ഒരു മുഖ്യധാര ചിത്രത്തില്‍ ആയിരുന്നില്ല, അതുകൊണ്ട് തന്നെ ആരും എന്നെ അധികം കഥാപാത്രങ്ങള്‍ക്ക് വേണ്ടി പരിഗണിച്ചിരുന്നില്ല.

അപ്പോഴാണ് “അഴകിയ തമിഴ് മകള്‍” എന്നൊരു തമിഴ് സീരിയലില്‍ അവസരം ലഭിക്കുന്നത്, അപ്പോള്‍ സീരിയല്‍ ചെയ്ത് നോക്കാമെന്ന് വിചാരിച്ചു , കൂടുതല്‍ പഠിക്കുവാനുള്ള ഒരു അവസരമായി ഞാന്‍ അതിനെ കണ്ടു. അത് തുടങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കുമ്പളങ്ങിയില്‍ അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടുന്നത്, അപ്പോള്‍ ഒരേസമയം സിനിമയും സീരിയലും കൊണ്ടുപോകുവാന്‍ പറ്റാത്തതിനാല്‍ ഞാന്‍ സീരിയല്‍ വേണ്ടെന്ന് വെച്ചു, അതിന്റെ എഗ്രിമെന്റ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. അങ്ങനെ കുമ്പളങ്ങി നൈറ്റ്സില്‍ അഭിനയിച്ചു. ഇപ്പോള്‍ ഏറെ സന്തോഷമുള്ള കാര്യം ഒരേസമയം ഞാന്‍ അഭിനയിച്ച തമിഴ് സിനിമയും, മലയാള സിനിമയും വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതാണ്. ചെന്നൈയില്‍ ടു-ലെറ്റ് എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് പോയപ്പോള്‍ ഒരുപാട് പേര്‍ കുമ്പളങ്ങി നൈറ്റ്സ് കണ്ട് നന്നായി പറഞ്ഞിരുന്നു.

ഒരു കലാകാരിയെന്ന നിലയില്‍ നൃത്തത്തെയും അഭിനയത്തെയും എങ്ങനെ നിലനിര്‍ത്തുന്നു? ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യമെന്താണ്?

എന്നെ സംബന്ധിച്ചിടത്തോളം രണ്ടും ഒരേ സമയം നിലനിര്‍ത്തി കൊണ്ടുപോകുന്നത് പ്രയാസമുള്ള കാര്യമാണ്. നൃത്തം ചെയ്യുമ്പോള്‍ നൂറ് ശതമാനവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അഭിനയത്തിലും അങ്ങനെ തന്നെ.. അപ്പോള്‍ രണ്ടും ഒരേ സമയത്തില്‍ ഞാന്‍ ചെയ്യുകയില്ല. പക്ഷെ നൃത്തത്തിന് വേണ്ടി ഞാന്‍ സമയം ചിലവഴിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും അതിന് വേണ്ടിയായിരിക്കും. എന്തായാലും രണ്ടും ഒരുമിച്ച് ചെയ്യില്ല.

നൃത്തത്തിന്റെ മേഖലയില്‍ ഷീലയ്ക്കുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?

തീര്‍ച്ചയായുമുണ്ട്. ഞാന്‍ ഭരതനാട്യത്തില്‍ പി.ജി ചെയ്തു, ഇനി എം.ഫില്ലും, പി.എച്ച്.ഡിയുമെല്ലാം ചെയ്യുവാന്‍ ആഗ്രഹമുണ്ട്. അഭിനയം ജീവിതകാലം മുഴുവന്‍ ചെയ്യുവാന്‍ സാധിക്കുമോ എന്നറിയില്ല. പക്ഷെ ഡാന്‍സ് എനിക്ക് ജീവിതകാലം മുഴുവന്‍ വിടാതെ പിടിക്കണം എന്നുണ്ട്. അഭിനയവും ആഗ്രഹമുണ്ട് പക്ഷെ എത്രകാലം നമുക്ക് അവസരം ഈ ഒരു നിലയില്‍ തന്നെ കിട്ടുമെന്ന് അറിയില്ലല്ലോ. പിന്നെ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നതും ആഗ്രഹമുണ്ട്.അതും ആലോചനയിലുണ്ട്.

ടു-ലെറ്റ് എന്ന തമിഴ് ചിത്രത്തെ കുറിച്ച്?

ടു-ലെറ്റ് എന്ന ചിത്രം ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമയാണെങ്കിലും ലോകോത്തര തലങ്ങളിലേക്കും, നൂറില്‍ പരം ചലച്ചിത്രമേളകളിലും, 84 നോമിനേഷനും പോയ ചിത്രമാണ്. അതില്‍ ഒരു ഭാഗമായതില്‍ വലിയ സന്തോഷമുണ്ട്. കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ട് എന്നെ ഒരുപാട് പേര്‍ എന്നെ ട്വിറ്ററിലൂടെയും, ഫേസ്ബുക്കിലൂടെയുമെല്ലാം പ്രശംസ അറിയിച്ചിരുന്നു, അതുപോലെ തന്നെയായിരുന്നു ടു-ലെറ്റിനും കിട്ടിയ പ്രതികരണം ഒരുപാട് വലിയ സംവിധായകര്‍ അതിലെ എന്റെ പെര്‍ഫോമന്‍സ് നന്നായി എന്നൊക്കെ പറഞ്ഞു വിളിച്ചിരുന്നു.

മലയാളം സിനിമകള്‍ കാണാറുണ്ടോ? കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതെല്ലാമാണ്?

ശ്യാം പുഷ്‌കരന്‍ സാര്‍ എഴുതിയ എല്ലാ സിനിമകളും ഇഷ്ടമാണ്. 22 ഫീമെയില്‍ കോട്ടയം, പിന്നെ മായാനദി എനിക്ക് ഏറെ ഇഷ്ടപെട്ട ചിത്രമാണ്. പിന്നെ മോഹന്‍ലാല്‍ സാറിന്റെ ചിത്രങ്ങള്‍ ഇഷ്ടമാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, ചെമ്മീന്‍ എല്ലാം മലയാളത്തിലെ ക്ലാസ്സിക്കുകള്‍ ആണ്. ഇതൊന്നും ഞാന്‍ മലയാളത്തില്‍ അഭിനയിച്ചത് കൊണ്ട് മാത്രമല്ല, മുന്‍പും എന്നെ മലയാള സിനിമകളും, അവിടുത്തെ ആര്‍ട്ടിസ്റ്റുകളും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ നിങ്ങളെ സ്വാധീനിപ്പിച്ച നടികളുണ്ടോ?

പാര്‍വതി(ടേക്ക് ഓഫ്),റിമ കല്ലിങ്കല്‍ ഇവരെല്ലാം ഭയങ്കര ഇഷ്ടമാണ്. അവരെല്ലാം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ ഏറെ ആഗ്രഹമുണ്ട്. സ്ത്രീ കേന്ദ്രിതമായ സിനിമകളാണ് അവയെല്ലാം, നല്ല കണ്ടെന്റ് ഉണ്ടാകും. പിന്നെ നടന്മാരില്‍ ഫഹദ് ഫാസിലിനെ ഏറെ ഇഷ്ടമാണ്, നിവിന്‍ പോളി,ടോവിനോ തോമസ് അങ്ങനെ യുവ നടന്മാരില്‍ എല്ലാവരെയും ഇഷ്ടമാണ് കാരണം അവരെല്ലാം ക്യാമറയ്ക്ക് മുന്നില്‍ വല്ലാതെ ലൈവ് ആയി ആണ് അവര്‍ പെര്‍ഫോം ചെയ്യുന്നത്. മലയാളത്തില്‍ അഭിനയിച്ചതിനും സന്തോഷമുണ്ട്, ഇനിയും ഒരുപാട് പ്രതിഭകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുവാന്‍ ആഗ്രഹവുമുണ്ട്.


സൗബിന്‍ ഷാഹിറുമായുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു?

വലിയ സപ്പോര്‍ട്ട് ആയിരുന്നു.”നിങ്ങള്‍ക്കിത് ഓക്കേ ആണോ? ഇത് കംഫര്‍ട്ടബള്‍ ആണോ..ഇങ്ങനെ ചെയ്താല്‍ ഓക്കേ ആണോ അങ്ങനെ ഒരു സഹ നടിയെന്ന നിലയില്‍ ഏറ്റവും കംഫര്‍ട്ടബളായി വര്‍ക്ക് ചെയ്യുവാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ഒപ്പം സംഭാഷണമുള്ള ഒരു സീന്‍ മാത്രമായിരുന്നുണ്ടായിരുന്നത്.. അപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിക്കും ഞാന്‍ ഡയലോഗുകള്‍ മലയാളത്തിലാണ് പറയുക, ഇതാണ് അതിന്റെ അര്‍ത്ഥം,അപ്പോള്‍ അത് ഉള്‍ക്കൊണ്ട് അതിന്റെ മറുപടി നിങ്ങള്‍ തമിഴില്‍ വേണം തിരിച്ചുപറയാന്‍ എന്നൊക്കെ..എപ്പോഴും ഹാപ്പിയായി ഇരിക്കുന്ന സെറ്റ് ആയിരിക്കും, ഓഫ് സ്‌ക്രീനിലും അദ്ദേഹം വളരെ ഹാപ്പിയും ഫണ്ണിയുമാണ്.

അടുത്ത പ്രോജക്ടുകള്‍?

എനിക്ക് മലയാളത്തില്‍ തന്നെ അഭിനയിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട്. ഇവിടുത്തെ വര്‍ക്കിങ് സ്‌റ്റൈല്‍ എനിക്ക് വല്ലാതെ ഇഷ്ടമാണ്. അതേ സമയം എനിക്ക് തമിഴിലും അവസരങ്ങള്‍ വരുന്നുണ്ട്. അടുത്ത മാസം തമിഴിലുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. മലയാളത്തിലുള്ള ഒരു ചിത്രത്തിന്റെയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.