| Saturday, 9th February 2019, 3:45 pm

കുമ്പളങ്ങി നൈറ്റ്സ്- രാത്രികള്‍ സുന്ദരമാക്കുന്ന ജീവിതങ്ങള്‍

ശംഭു ദേവ്

നവാഗതനായ മധു സി നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് “കുമ്പളങ്ങി നൈറ്റ്സ്”. ആഷിഖ് അബുവിന്റെയും ദിലീഷ്‌പോത്തന്റെയും സംവിധാന സഹായിയായും അവരുടെ മികവുറ്റ ചിത്രങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ചതിന്റെയും അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ തന്റേതായ ശൈലിയില്‍ തന്റെ ആദ്യ ചിത്രം അണിയിച്ചിരുക്കുന്നതില്‍ സംവിധായകന്‍ എന്ന നിലയില്‍ മധു സി നാരായണന് സാധിക്കുന്നിടത്തു തന്നെയാണ് “കുമ്പളങ്ങി നൈറ്റ്സ്” എന്ന ചിത്രം മികച്ചൊരു കാഴ്ചാവിഷ്‌കാരം ആകുന്നതും.

അദ്ദേഹം ആഷിഖ് അബുവിനോടൊപ്പവും, ദിലീഷ് പോത്തനോടൊപ്പവും പ്രവര്‍ത്തിച്ച ചിത്രങ്ങളുടെ രചയിതാവായ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. ഒരു ഘട്ടത്തിന് ശേഷം കേട്ട് പഴകിയ കഥകള്‍ക്കിപ്പുറം തന്റേതായ മികവാര്‍ന്ന ശൈലിയില്‍ വ്യത്യസ്ഥതയുള്ള പ്രമേയം കൊണ്ടും, കഥ പറച്ചിലിലെ ലാളിത്യം കൊണ്ടും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍.

മഹേഷിന്റെ പ്രതികാരത്തിലൂടെ മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ ഗ്രാമപശ്ചാത്തലത്തില്‍ അനുഭവസമ്പത്തിന്റെ ഊര്‍ജത്തില്‍ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവില്‍ പറഞ്ഞപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തിരിക്കുവാനും,രസിക്കുവാനും സാധിക്കുന്ന ഒരു ചിത്രത്തിനെ തന്നെയാണ്. ശേഷം തൊണ്ടി മുതലും ദൃക്സാക്ഷിയിലും, മായാ നദിയിലും വ്യത്യസ്ഥത പുലര്‍ത്തുന്ന, യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പറ്റം കഥാപാത്രങ്ങളെയും, കഥാ സന്ദര്‍ഭങ്ങളെയും ആവിഷ്‌കരിക്കുകയുണ്ടായി. അവയെല്ലാം തന്നെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമ പട്ടികയിലേക്ക് ചാര്‍ത്തപ്പെട്ടവയും ആണ്.

മധു സി നാരായണന്‍

ചെറുകഥ പോലെ സുന്ദരവും, ലളിതവുമാണ് ശ്യാം എഴുതുന്ന പല തിരക്കഥകളും. അന്യം നിന്ന് പോയ ഗ്രാമ പശ്ചാത്തലത്തില്‍ പറഞ്ഞ പല കഥകളിലേക്കും, പച്ചയായ ജീവിത അന്തരീക്ഷങ്ങളിലേക്കുമുള്ള മടക്കയാത്ര തന്നെയാണ് മഹേഷിന്റെ പ്രതികാരം പോലെയുളള ചിത്രങ്ങള്‍..

കുമ്പളങ്ങി നൈറ്റ്സ് പറയുന്നത് ഒരു നാടിന്റെ കഥയല്ല.. മറിച്ച് കുമ്പളങ്ങിയിലെ ഒരു തുരുത്തിന്റെ പശ്ചാത്തലത്തില്‍ നാല് സഹോദരങ്ങളുടെ വൈകാരിക നിമിഷങ്ങളുടെ ആവിഷ്‌കാരമാണ് ചിത്രം. സജി(സൗബിന്‍ ഷാഹിര്‍),ബോണി(ശ്രീനാഥ് ഭാസി),ബോബി(ഷെയ്ന്‍ നിഗം), ഫ്രാങ്കി (മാത്യു തോമസ്)എന്ന സഹോദരങ്ങളുടെ ജീവിതമാണ് ചിത്രം. പട്ടികളെയും പൂച്ചകളെയും കൊണ്ട് കളയുന്ന തുരുത്ത്. അവിടെ ലക്ഷ്യബോധമില്ലാതെ ആലസ്യത്തിന്റെ വലയില്‍ കുരുങ്ങി നില്‍ക്കുന്ന മനുഷ്യ ജീവിതങ്ങളും. അവര്‍ക്ക് സംഭവിക്കുന്ന,അവരെ മാറ്റി മറിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ അങ്ങേയറ്റം സൂക്ഷ്മതയോട് കൂടി അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

തങ്ങളുടെ ലക്ഷ്യമില്ലായ്മ തിരിച്ചറിയിപ്പിക്കുവാന്‍ അവരെത്തുന്ന സാഹചര്യങ്ങള്‍ വ്യത്യസ്ഥവും, ആശയപരവുമാണ്. അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പെണ്ണുങ്ങളിലൂടെ മാറുന്ന ആണിന്റെ അഹങ്കാരങ്ങളും, പൊതു കാഴ്ചപാടുകളുമെല്ലാം മാറുന്നതിന്റെ കഥ കൂടിയാണ് ചിത്രം.. പെണ്ണ് വന്നതിന് ശേഷം തുലഞ്ഞു പോകുന്നതാണ് കുടുംബ ജീവിതമെന്ന കേട്ട് പഴകിയ ചൊല്ലുണ്ട് നാട്ടില്‍, എന്നാല്‍ കേട്ടതിനെയല്ല ഒരു സ്ത്രീ പുരുഷന്റെ ജീവിതത്തിന്റെ മാറ്റത്തില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും, അവന്റെ യാതനകള്‍ക്ക് കരുത്തായി നില്‍ക്കുന്ന പെണ്ണുങ്ങളും നമ്മുടെ നാട്ടിലുണ്ടെന്ന് ചിത്രം നമ്മെ തിരിച്ചറിയിപ്പിക്കും.

സ്‌നേഹിക്കുന്ന ചെക്കന്റെ തൊഴിലിന്റെ വലുപ്പത്തിലല്ല വഴക്കത്തിലാണെന്ന് വിശ്വസിക്കുന്ന കാമുകിയും , എത്ര വലിയ ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണമെന്ന് ധൈര്യത്തോടെ പറയുന്ന ഭാര്യയും, ശരീര സൗന്ദര്യത്തിലല്ല മനസ്സിന്റെ സൗന്ദര്യത്തിനാണ് നിറമെന്ന് കാണിച്ചു തരുന്ന പ്രണയിനി. അങ്ങനെ ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളാല്‍ ധനികമാണ് ചിത്രം.ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്നതില്‍ സുപ്രധാന പങ്ക് കുമ്പളങ്ങി നൈറ്റസിലെ സ്ത്രീകള്‍ തന്നെയാണ്.

കുത്തഴിഞ്ഞു പോയ ജീവിതത്തിലേക്ക് പ്രണയം തിരിച്ചറിവിന്റെ ചൂടായും, പരസ്പരം അറിയുന്നതിന്റെ കാരണമായും ഭവിക്കുന്നു. ബോബിയുടെ പ്രണയവും, കാമുകിയാല്‍ അവനുള്ളിലെ പുരുഷന് സംഭവിക്കുന്ന മാറ്റവുമെല്ലാം പ്രേക്ഷകന്റെ യുക്തിക്ക് ചേരുന്ന വിധത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പെണ്ണെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അരക്ഷിതവസ്ഥയെ ബോബി എന്ന കഥാപാത്രം ഉള്‍കൊള്ളുന്ന ഇടങ്ങളെല്ലാം തന്നെ കഥയോടും, കഥാ സന്ദര്‍ഭങ്ങളോടും യോജിച്ചു നില്‍ക്കുന്നവയാണ്.

സഹോദരങ്ങള്‍ക്കിടയിലുള്ള ആത്മ സംഘര്‍ഷങ്ങളും, അവയുടെ തീവ്രതയുമെല്ലാം ഹൃദയം തൊടും വിധം ശക്തമാണ്. പ്രേക്ഷകന് വേണ്ടിയുള്ള സംഭാഷണങ്ങളല്ല.. കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങള്‍ക്ക് പ്രേക്ഷകന്‍ സാക്ഷിയാവുകയാണ് ചിത്രത്തില്‍. വികാരങ്ങളുടെ തീവ്രത ബോധ്യമാകുന്നത് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ നിന്ന് മാത്രമാണ്, അവയൊന്നും പ്രേക്ഷകന് വേണ്ടി മാത്രമല്ല.

ഇവര്‍ക്കിടയിലേക്കുള്ള ഷമ്മി എന്ന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വരവോട് കൂടിയാണ് ചിത്രം പ്രവചനങ്ങള്‍ക്കും അപ്പുറമാകുന്നത്. ആണത്ത്വം എന്ന പറയപ്പെടുന്ന ഘടകത്തിന്റെ പല മുഖങ്ങളിലൂടെയുള്ള ആവിഷ്‌കാരം കൂടിയാണ് ചിത്രം. ബോബിയിലൂടെയും, ഷമ്മിയിലൂടെയും, സജിയിലൂടെയും അടിച്ചമര്‍ത്തപ്പെട്ട, വഴികാട്ടിയാവുന്ന, ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ പ്രേക്ഷകന് കാണുവാന്‍ സാധിക്കും. ബോബിയിലൂടെ, ബേബിയുടെ ജീവിതവും, സജിയിലൂടെ തമിഴന്റെ ഭാര്യയെയും, ഷമ്മിയുടെ ഭാര്യയുമെല്ലാം ചിത്രം സമ്മാനിക്കുന്നത് നിര്‍ഭയമായ സ്ത്രീ കഥാപാത്രങ്ങളാണ്.

സാഹോദര്യ ബന്ധത്തിന്റെ കഥ പറയുമ്പോള്‍ കഥാപാത്ര നിര്‍മ്മിതിയില്‍ അവ തമ്മിലുള്ള “ഭിന്നത” കഥയുടെ ഭാവ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ഘടകമാണ്. പ്രണയവും,കുടുംബ ബന്ധവും മറ്റൊരു കോണില്‍ നിന്ന് കൊണ്ട് കോര്‍ത്തിണക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

പ്രകടനത്തില്‍ സജി എന്ന കഥാപാത്രം സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ പ്രേക്ഷകര്‍ അറിയാത്ത സാധ്യതകളെയും, വൈകാരിക നിമിഷങ്ങളില്‍ അദ്ദേഹം എന്ന നടന്റെ വേറിട്ടു നില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തം കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നുണ്ട് ചിത്രത്തില്‍. ഷമ്മി എന്ന കഥാപാത്രത്തിന് മുന്‍പില്‍ ചെറുതായി പോകുന്ന നിമിഷങ്ങളില്‍ തെന്നി പോകാതെ അങ്ങേയറ്റം സജി എന്ന കഥാപാത്രത്തെ സ്വാഭാവികത കൊണ്ട് മനം നിറക്കുന്നുണ്ട് സൗബിന്‍ എന്ന നടന്‍. സുഡാനിയിലെ മജീദിന് ശേഷം വേറിട്ട് നില്‍ക്കുന്നതും, ആഴവുമേറിയ കഥാപാത്രമാണ് കുമ്പളങ്ങിയിലെ സജി.

നര്‍മ്മവും, അമര്‍ഷവും,നിസ്സഹായതയും ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ സൗബിന്‍ എന്ന നടന്‍ അവിസ്മരണീയമാക്കുന്നുണ്ട്. മജീദില്‍ നിന്ന് സജിയിലേക്ക് സൗബിന്‍ എന്ന നടന്റെ പരിണാമം കൈയ്യടികള്‍ അര്‍ഹിക്കുന്നവ തന്നെയാണ്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ നടനിലെ മറ്റൊരു തലത്തിലേക്കുള്ള എത്തിനോട്ടമാണ്.

അങ്ങേയേറ്റം സൂക്ഷ്മതയോട് കൂടിയും, സ്വാഭാവികത തോന്നിക്കും വിധത്തില്‍ അസാധാരണമായിരുന്നു ഫഹദ് ഫാസില്‍ എന്ന നടന്റെ പ്രകടനം. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ഒരു സൈക്കോ കഥാപാത്രമായി ഫഹദ്ഫാസില്‍ എന്ന നടന്‍ അമ്പരപ്പിച്ചു നില്‍ക്കുന്നു.ശ്യാം പുഷ്‌കരന്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു, എഴുതി കഴിഞ്ഞതിന് ശേഷം ഫഹദിനോട് പറഞ്ഞിരുന്നു” ഇത് ഭരത് ഗോപി ചേട്ടന്‍ ചെയ്യുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ്” ചിത്രത്തിലെ ഷമ്മിയുടെ പല സീനുകളും യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വെറുപ്പും, അസിഷ്ണുതയും, അസ്വസ്ഥതയുമെല്ലാം ഫഹദ് ഫാസിലിന് തന്റേതായ ശൈലിയില്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട് ചിത്രത്തില്‍.

ഒപ്പം തന്നെ ബോണി എന്ന കഥാപാത്രം സംഭാഷണങ്ങളുടെ പിന്തുണ ഇല്ലാതെ തന്നെ ശരീര ഭാഷകൊണ്ടും, മുഖ ഭാവംകൊണ്ടും ശ്രീനാഥ് ഭാസി കഥയുടെ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ചു തന്നെ മികച്ചതാക്കിയിട്ടുണ്ട്. ഷൈന്‍ നിഗം തന്റെ കരിയറിലെ കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസതയെ പൊട്ടിച്ചെറിയുന്ന തലത്തിലുള്ള കഥാപാത്രമാണ് ബോബി. മുന്‍ ചിത്രങ്ങളിലെ ഗൗരവമുള്ള യുവാവ് എന്ന ടാഗ് ലൈന്‍ കഥാപാത്രത്തില്‍ നിന്ന് ബോബി അയാളെ മോചിതനാക്കുന്നു. സംഭാഷണങ്ങളില്‍ പുലര്‍ത്തുന്ന ടൈമിംഗ്, അവ അവതരിപ്പിക്കുന്ന രീതിയെല്ലാം അയാളിലെ നടനില്‍ യുവാക്കളുടെ ഇനിയും പറയാത്ത കഥ പറയാന്‍ സംവിധായകര്‍ക്ക് ധൈര്യം നല്‍കും.

ഫ്രാങ്കി എന്ന കഥാപാത്രം അവതരിപ്പിച്ച മാത്യുവിലും ബേബി എന്ന കഥാപാത്രം അവതരിപ്പിച്ച അന്ന ബെന്‍ എന്നിവരില്‍ നിന്നെല്ലാം തുടക്കകാരന്റെ അഭിനയമായിരുന്നില്ല കാണുവാന്‍ സാധിച്ചത്. ഭാവിയില്‍ ഏറെ പ്രതീക്ഷ തോന്നിക്കും വിധത്തിലുള്ള അഭിനയ മുഹൂര്‍ത്തങ്ങളായിരുന്നു ഇരുവരുടെയും സീനുകളില്‍ നിന്ന് പ്രേക്ഷര്‍ക്ക് ലഭിക്കുന്ന പ്രതീക്ഷ. എന്നിരുന്നാലും ബാക്കിയുള്ള അഭിനേതാക്കള്‍ മോഷമാക്കിയെന്നല്ല, അഭിനയിച്ച എല്ലാവരും മനസ്സില്‍ തങ്ങി നില്‍ക്കുന്നവരാണ്.

ഗ്രേസ് ആന്റണി, രമേഷ് തിലക്, റിയ സൈറ,ബോബിയുടെ കൂട്ടുകാരന്‍, ഷമ്മിയുടെ സുഹൃത്തും,ദിലീഷ് പോത്തന്‍ തുടങ്ങിയ ചിത്രത്തിലെ പുതുമുഖ നടന്മാരും നടിമാരും എല്ലാം തന്നെ കുമ്പളങ്ങിയുടെ രാത്രികള്‍ക്ക് പകിട്ടേറി. നടന്മാരുടെ അഭിനയ പ്രകടനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അവരില്‍ നിന്ന് വേണ്ടുന്ന വിധത്തില്‍ കഥാപാത്രങ്ങളെ പ്രതിഫലിപ്പിക്കുവാന്‍ സംവിധായകനായ മധു സി നാരായണന് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധാന മേഖലയിലെ പരിചയ സമ്പത്ത് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്ന് അനുഭവപെട്ടു. തെല്ല് മാറിപോയാല്‍ സ്വാഭാവിക സ്വഭാവത്തില്‍ നിന്ന് മാറിപോയേക്കാവുന്ന ചിത്രത്തെ കൈയ്യടക്കത്തോടെ മധു എന്ന സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ തുടക്കത്തില്‍ ആലസ്യജീവിതത്തില്‍ മുഴുകിയ സഹോദരങ്ങളുടെ ജീവിതം പൂവ് മുളക്കാത്ത കള്ളി മുള്‍ ചെടികളില്‍ നിന്നും കഥാപാത്രങ്ങളുടെ പരിണാമത്തെ ചൂണ്ടി കാണിക്കുവാന്‍ അതേ മുള്‍ ചെടികളില്‍ പൂവ് വിടര്‍ന്നു നില്‍ക്കുന്ന ഷോട്ടുകള്‍ കഥാപാത്രങ്ങളുടെ മാറ്റത്തോടൊപ്പം പ്രതികാത്മകമായ രീതിയില്‍ ആവിഷ്‌കരിക്കുന്നുണ്ട് സംവിധായകന്‍. വീട്ടിലേക്ക് വരുന്ന ബോണിയെ മുന്‍പ് വരവേറ്റിരുന്നത് കലഹമായിരുന്നു അതില്‍ നിന്ന് വീട്ടിലേക്ക് വരുന്ന ബോണിയെ സംഗീതം വരവേല്‍ക്കുന്നതിലേക്കുള്ള ദൂരം…

ഷൈജു ഖാലിദ് എന്ന ഛായാഗ്രഹകന്റെ മറ്റൊരു മികച്ച വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയിലെ പകലുകളും, അവയെക്കാള്‍ പകിട്ടോടെ രാത്രിയെയും അദ്ദേഹം ദൃശ്യ വത്കരിച്ചിട്ടുണ്ട്. കഥ പറച്ചിലിന്റെ ലാളിത്യത്തോടൊപ്പം സത്യസന്ധതയോട് കൂടി ഷൈജു ഖാലിദ് എന്ന ഛായാഗ്രഹകന് മികവ് പുലര്‍ത്തുവാന്‍ സാധിച്ചു. ചിത്രം അവകാശപെടുന്ന നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതത്തിനും സാധിച്ചിട്ടുണ്ട്..

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സിത്താര പാടിയ “ചെരാതുകള്‍” എന്ന ഗാനം ചിത്രത്തിന്റെ ഒരു ഓളം സൃഷ്ടിക്കുവാന്‍ സാധിച്ചു. ചിത്രത്തിന്റെ അവസ്ഥയോട് ചേര്‍ന്ന് നില്‍ക്കും വിധത്തിലായിരുന്നു ഈ പാട്ടിന്റെ ഗിറ്റാര്‍ ഭാഗങ്ങള്‍. കുമ്പളങ്ങയിലെ ജീവിതങ്ങള്‍ സാക്ഷ്യം വഹിച്ചെന്ന തോന്നല്‍ നിലനിര്‍ത്തുവാന്‍ സൈജു ശ്രീധരന്റെ എഡിറ്റിംഗ് മുന്നിട്ട് നിന്നിരുന്നു. കട്ട് പോകുന്നതും ഒരു സീനില്‍ നിന്ന് മറ്റൊരു സീനിലേക്കുള്ള ട്രാന്‍സിഷനുമെല്ലാം പ്രേക്ഷകന്റെ ശ്രദ്ധ തെറ്റിക്കാതെ കൂട്ടി യോജിപ്പിക്കുവാന്‍ സൈജു ശ്രീധരന് സാധ്യമായിരിക്കുന്നു.

പ്രേക്ഷകന് കഥയുടെ നിശബ്ദ വേളകളില്‍ പോലും ഇഴച്ചില്‍ അനുഭവപ്പെടാതെ, കഥയുടെ ഒഴുക്കിനോടൊപ്പം സഞ്ചരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്.തപസ് നായക്കിന്റെ ശബ്ദ മിശ്രണവും കുമ്പളങ്ങിയിലെ ചുറ്റുപാടുകളിലെ ശബ്ദങ്ങള്‍ കൊണ്ടുവരാനും വേണ്ടുന്ന വിധത്തില്‍ അവയെ ഉപയോഗപ്രദമാക്കുവാനും സാധിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ സിനിമകളെ നമ്മള്‍ അനുകരിക്കുന്നതിലല്ല, മറിച്ച് നമുക്ക് പരിചിതമായ പശ്ചാത്തലങ്ങളിലെ കഥകളെ,കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പുനര്‍ ആവിഷ്‌കരിക്കുനത്തിലാണ് മലയാള സിനിമ എന്നും മുന്നിട്ട് നില്‍ക്കുന്നത്. അന്യ ഭാഷ ചിത്രങ്ങള്‍ അവരുടെ പ്രാദേശിക കഥകളെ പറയുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സിനിമകള്‍ പുലര്‍ത്തുന്ന സത്യസന്ധതയും, സ്വഭാവികതയും വേറിട്ട് നില്‍ക്കുന്നത് തന്നെയാണ്. കഴിഞ്ഞ വര്‍ഷം അത് സുഡാനിയായിരുന്നു ഇക്കൊല്ലം കുമ്പളങ്ങി നൈറ്റ്‌സും. ഒരു ഫെബ്രുവരിയില്‍ മഹേഷിന്റെ പ്രതികാരമായിരുന്നു ഈ ഫെബ്രുവരിയില്‍ അത് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്ക് പിന്നണിയിലും ഒരേ ടീം ആണെന്നത് ആഹ്ലാദകരമായ കാര്യം തന്നെയാണ്..

ശംഭു ദേവ്

We use cookies to give you the best possible experience. Learn more