കുമ്പളങ്ങിയിലെ രാത്രികള്‍ 'ആണത്തം' എന്ന വട്ടിനുള്ള കൊട്ട്
Film Review
കുമ്പളങ്ങിയിലെ രാത്രികള്‍ 'ആണത്തം' എന്ന വട്ടിനുള്ള കൊട്ട്
അശ്വിന്‍ രാജ്
Thursday, 7th February 2019, 5:11 pm

സാധാരണ വല്ലാതെ മനസ് വിങ്ങുമ്പോള്‍ എങ്ങോട്ടെങ്കിലും യാത്ര പോകാറുണ്ട്. തിരിച്ച് വരുമ്പോ കുറെ നല്ല ഓര്‍മ്മകള്‍ ഉണ്ടാവും അവിടുത്തെ ചിലര് നമ്മുടെ മനസ്സില്‍ അങ്ങ് കയറും. അത്തരത്തില്‍ ഒരു യാത്ര പോയ അനുഭവമാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിറങ്ങിയപ്പോള്‍

വല്ലാതെ എക്‌സൈറ്റഡ് ആവുമ്പോള്‍ വാക്കുകള്‍ക്ക്  ബുദ്ധിമുട്ടും. അത് ശരിക്കും അനുഭപ്പെടുന്നുണ്ട് ഇപ്പോള്‍. കുളമ്പളങ്ങിയില്‍ കുറച്ച് ദിവസം അവിടുത്തെയാളുകളുടെ കൂടെ ജീവിച്ചാല്‍ എങ്ങിനെയുണ്ടാകും ?,   ആ ഫീല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന് ലഭിക്കുമെന്നുറപ്പാണ്. കൂടെ മറ്റൊന്നും കൂടിയുണ്ട് ആണത്തം എന്ന വട്ടിനുള്ള ഒരു കൊട്ട് കൂടിയാണ് കുമ്പളങ്ങി നൈറ്റ്.

**********

ആര്‍ക്കും വേണ്ടാത്ത പട്ടികുഞ്ഞുങ്ങളെയും പൂച്ചയെയും എല്ലാം കളയുന്ന ഒരു തുരുത്ത്. അവിടെയാണ് സജിയുടെയും ബോബിയുടെയും ബോണിയുടെയും ഫ്രാങ്കിയുടെയും വീട്. ഫ്രാങ്കി പറയുന്നുണ്ട് ആ പഞ്ചായത്തിലെ തന്നെ ഏറ്റവും ദുരന്തം വീടാണ് അതെന്ന്. അടച്ചുറപ്പില്ലാത്ത വാതിലുകള്‍ ഇല്ലാത്ത ഒരു വീട്.

അപ്പന്‍ നെപ്പോളിയന്‍ നേരത്തെ മരിച്ചുപോയി അമ്മ “ദൈവ” വിളി കിട്ടി സുവിശേഷവുമായി കഴിയുകയാണ്. ദിവസവും ആ വീട്ടില്‍ സഹോദരന്‍മാര്‍ തമ്മില്‍ കലഹമുണ്ടാവാറുണ്ട്. വീട്ടില്‍ കാര്യപ്രാപ്തിയുള്ള പുറത്ത് പോയി പഠിക്കുന്ന ഒരാള്‍ ഫ്രാങ്കിയാണ്. എന്നാല്‍ പലപ്പോഴും കൊച്ച് കുട്ടിയെന്ന നിലയില്‍ ഏട്ടന്മാര് അവനെ ഇരുത്തും.

സജിക്കും ബോബിക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല അല്ല പണിയെടുക്കാന്‍ നല്ല മടിയാണ്. തന്റെ സുഹൃത്തായ തമിഴന്റെ ചിലവിലാണ് സജി ജീവിച്ച് പോകുന്നത്. സംസാരിക്കാന്‍ കഴിയാത്ത ബോണി സംഗീതവും ലഹരിയുമെല്ലാമായി മറ്റൊരു ലോകത്താണ്.

അവിടെ അടുത്ത് തന്നെയാണ് സിമിയുടെയും ബേബി മോളുടെയും വീട്. അവിടേക്ക് ഷമ്മി കല്ല്യാണം കഴിച്ച് എത്തുകയാണ്. ചിത്രത്തില്‍ പിള്ളാര് പറയുന്നുണ്ട് ഷമ്മി ആള് അല്‍പം പിശകാണെന്ന്. ആ വീട്ടില്‍ പതിയെ ചിരിച്ച് കൊണ്ട് കയറി വന്ന അയാള്‍ ചിരിച്ച് കൊണ്ട് തന്നെ പതിയെ തന്റെ അധികാരം സ്ഥാപിച്ച് എടുക്കുന്നുണ്ട്. ഇങ്ങനെ കുറച്ച് മനുഷ്യരുടെ കുറച്ച് ദിവസത്തെ ജീവിതം പറഞ്ഞ് വെയ്ക്കുകയാണ് സിനിമ.

ഒരു ഫീല്‍ ഗുഡ് സിനിമ എന്നതിന് അപ്പുറത്ത് കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്നുണ്ട് കുമ്പളങ്ങി നൈറ്റ്‌സ്. കൂടെ അമാനുഷികതകളില്ലാത്ത പച്ചയായ മനുഷ്യന്റെ ജീവിതവും തുറന്നു കാണിക്കുന്നുണ്ട്.

മലയാള സിനിമയിലെ സാമ്പ്രദായിക രീതികളെ തച്ചുടയ്ക്കുന്നുണ്ട് ശ്യാം ഈ സിനിമയിലും. ശ്യാമിന്റെ മുമ്പിറങ്ങിയ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും പോലെ തന്നെ കുമ്പളങ്ങിയിലെ ഭൂ പ്രകൃതിയും സിനിമയിലെ പ്രധാന കഥാപാത്രമാണ്. മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കിയും തൊണ്ടിമുതലില്‍ ആലപ്പുഴയും കാസര്‍ഗോഡുമായിരുന്നെങ്കില്‍ കുമ്പളങ്ങിയെന്ന തുരുത്തിന്റെ മനോഹാരിത മൊത്തം ചിത്രം കാണിക്കുന്നുണ്ട്. ശ്യാം പുഷ്‌ക്കരന്റെ തിരക്കഥ വീണ്ടും പുകഴ്‌ത്തേണ്ട കാര്യമില്ല….. പക്ഷേ പറയുന്നതില്‍ നല്ല സങ്കടമുണ്ട് ശ്യാം നിങ്ങളെ തിരക്കഥയെ കവച്ച് വെയ്ക്കുന്നതായിരുന്നു ഷൈജു ഖാലിദിന്റെ ക്യാമറ. കുമ്പളങ്ങിയുടെ രാത്രിയുടെയും പകലിന്റെയും മനോഹാരിത അയാളുടെ ക്യാമറ കണ്ണിലൂടെ വന്നപ്പോള്‍ ചിലപ്പോഴെങ്കിലും കഥയെക്കാള്‍ ദൃശ്യങ്ങളില്‍ മാത്രം നോക്കിയിരുന്നു പോയി.

മധു സി നാരായണന്‍ വരും നാളുകള്‍ നിങ്ങളുടേത് കൂടിയാണ്. എത്ര മനോഹരമായിട്ടാണ് നിങ്ങള്‍ കുമ്പളങ്ങിക്കാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. നിങ്ങള്‍ കണ്ടെത്തിയ ആ ചെക്കനും പെണ്‍കുട്ടിയുമുണ്ടല്ലോ മാത്യു തോമസും അന്ന ബെന്നും എവിടുന്ന് കിട്ടി രണ്ടിനെയും അദ്യമായിട്ട് സിനിമയില്‍ അഭിനയിക്കുകയാണെന്ന് ഒരിക്കലും പറയാത്ത രണ്ടുപേര്‍. രണ്ടും തൊട്ടടുത്ത വീട്ടില്‍ താമസിച്ചതോ കൂടെ പഠിച്ചതോ ആയിട്ട് ഒരു തോന്നല്‍. ആഷിഖ് അബു സ്‌ക്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ നിങ്ങള്‍ എത്ര മനോഹരമായിട്ടാണ് അതിന്റെ ഭാരങ്ങളില്ലാതെ കുമ്പളങ്ങി എടുത്തിരിക്കുന്നത്.

സിനിമയിലെ ബേബി മോളും സിമിയും പേരറിയാത്ത വിദേശ യുവതിയും തമിഴ് പെണ്‍കുട്ടിയും, മലയാള സിനിമയുണ്ടാക്കി വെച്ച സ്ഥിരം ബോധത്തെ പൊളിച്ചടക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. ചേട്ടന്‍ ചമയുന്ന പുരുക്ഷനോട് ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയോടെ സംസാരിക്കണമെന്ന് പറയാന്‍ കഴിയുന്ന, സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുന്ന, ഇഷ്ടം തോന്നിയവനോട് തന്നെയും കൊണ്ടേ പോകു എന്ന് പറയാന്‍ കഴിയുന്ന, ക്ഷമിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍.

പിന്നെ ഫഹദും സൗബിനും, എന്ത് മനുഷ്യമാരാണ് രണ്ടെണ്ണവും, ഷമ്മിയും സജിയും രണ്ട് പുരുഷന്‍മാര്‍ ഒന്ന് അണത്ത അധികാരത്തിന്റെ പ്രതിരൂപം. രണ്ടാമത്തെയാള്‍ സങ്കടം വരുമ്പോള്‍ കരയുന്ന സന്തോഷം വരുമ്പോള്‍ ചിരിക്കുന്ന, സനേഹിക്കുന്ന മറ്റുള്ളവരെ മനുഷ്യനായി മാത്രം കാണുന്ന ഒരു സാധാ മനുഷ്യന്‍.

ബേബിയുടെയും ബോബിയുടെയും പ്രണയമാണ് ചിത്രത്തിന്‍റെ കഥാഗതിയെ കൊണ്ട് പോകുന്നത്. ശ്യാം ഒരു അഭിമുഖത്തില്‍ പറഞ്ഞ പോലെ  ഷെെന്‍ നിഗത്തിന്‍റെ  കരിയര്‍‍ ബ്രേക്ക് തന്നെയായിരിക്കും കുമ്പളങ്ങിയിലെ ബോബി.

സിനിമഭാഷയില്‍ പറഞ്ഞാല്‍ ഫഹദ് ഈ സിനിമയില്‍ വില്ലനാണ്. തീര്‍ത്തും ഒരു സൈക്കോ ആയിട്ടുള്ള ഒരാള്‍. സത്യം പറഞ്ഞാല്‍ ട്രെയ്‌ലറും മറ്റും കണ്ട് ഒരു താമാശ കഥാപാത്രത്തെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അതല്ല….. ഈ നാട്ടിന്‍ പുറത്തൊക്കെ പറയില്ലെ ചിരിച്ച് കൊണ്ട് കഴുത്ത് അറക്കുക എന്ന്. അതുപോലെയാണ് ഷമ്മി. പതിയെ ചിരിച്ച് കൊണ്ട് മാന്യനായി പതിയെ പതിയെ അധികാരം സ്ഥാപിക്കുന്ന, താന്‍ ഹീറോ ആണെന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍. സുമിയുടെ ഭര്‍ത്താവായിട്ടാണ് അയാള്‍ ആ വീട്ടില്‍ എത്തുന്നത്. പതിയെ പതിയെ അയാള്‍ ആ വിട്ടില്‍ അധികാരം സ്ഥാപിച്ച് എടുക്കുന്നതൊക്കെ ഒരു രക്ഷയുമില്ലാത്ത രംഗമാണ്.

ഷമ്മി നമുക്ക് ചുറ്റുമുള്ള ആണധികാര ലോകത്തിന്‍റെ നേര്‍ പരിഛേദമാണ്. സദാചാരം സംസാരിക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, സംസ്‌ക്കാരമെന്ന് ബോധത്തെ കൊണ്ട് നടക്കുന്ന തീന്‍ മേശയില്‍ പോലും അധികാരം സ്ഥാപിക്കുന്ന വീട്ടുപണി ചെയ്യുന്ന പുരുക്ഷന്മാരോട് പുച്ഛമുള്ള മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കുന്ന ഒരാള്‍.

ഇപ്പുറത്ത് സജി ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പൊട്ടി പൊട്ടി കരയുന്ന ഒരാള്‍. സിനിമയില്‍ അഭിനയിച്ച എല്ലാവരും അതി മനോഹരമാക്കി എന്ന് പറഞ്ഞാല്‍ ഒരിക്കലും അതിശയോക്തി ആവില്ല. ശ്രീനാഥ് ഭാസിയുടെ ബോണിക്ക് സംസാര ശേഷിയില്ല എന്നിട്ടും അയാള്‍ മറ്റുള്ളവരിലൂടെ സംസാരിക്കുന്നുണ്ട്. ഒരു വാക്ക് പോലും സംസാരിക്കാതെ അയാള്‍ പ്രണയിക്കുന്നുണ്ട്.



ഫ്‌ളാഷ് ബാക്ക് എന്ന സിനിമ സങ്കേതം ഉപയോഗിക്കാതെ അതിമനോഹരമായി കഥ പറയുന്നുണ്ട് കുമ്പളങ്ങിയില്‍. പക്ഷേ ഒരിക്കല്‍ പോലും പ്രേക്ഷകന് അത് ബുദ്ധിമുട്ടാകില്ല. ഫ്‌ളാഷ് ബാക്കിലൂടെ സ്പൂണ്‍ ഫീഡ് ചെയ്യാതെ തന്നെ സ്‌ക്രീനിന് അപ്പുറത്തുള്ള കഥയും പ്രേക്ഷകന് മനസിലാകുന്നുണ്ട്.

ഒരു ഘട്ടത്തില്‍ നെപ്പോളിയന്റെ മക്കളുടെ അമ്മ സ്‌ക്രീനില്‍ എത്തുന്നുണ്ട്. രണ്ട് സീനേ അതുള്ളു. പക്ഷേ അതിലുണ്ട് എല്ലാം, തന്റെ അമ്മയല്ലാഞ്ഞിട്ടും സജി അവരെ എത്ര സ്‌നേഹിക്കുന്നുണ്ട് എന്ന്. അവര് എങ്ങിനെയാണ് ദൈവ വഴിയില്‍ എത്തിയതെന്ന്. അവര് സഹിച്ച കഷ്ടപാടുകള്‍….

ചിത്രത്തിന്റെ നിര്‍മ്മാതാവ് ദിലീഷ് പോത്തനും ചെറിയ ഒരു സീനില്‍ വന്നുപോകുന്നുണ്ട്. സൈജു ശ്രീധരന്റെ എഡിറ്റിങ്ങും സുഷിന്‍ ശ്യാമിന്റെ സംഗീതവും രണ്ടും മികച്ചുനിന്നു.

2019 മലയാള സിനിമയ്ക്ക് നല്‍കിയ നല്ല സമ്മാനത്തില്‍ ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. ടിക്കറ്റ് എടുത്ത് അവരുടെ കൂടെ ധൈര്യമായി കുമ്പളങ്ങിക്ക് ഒരു യാത്ര പോകാം. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവരുമുണ്ടാകും നിങ്ങളെ കൂടെ.

NB: സോഷ്യല്‍ മീഡിയയില്‍ ഇനി പോത്തേട്ടന്‍ ബ്രില്ല്യന്‍സിന് പകരം മധു സി നാരായണന്‍ ബ്രില്ല്യന്‍സ് കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും. കാത്തിരിക്കാം അതിനായി

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.