ഹരിയാന: കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനക്ക് മറുപടിയുമായി കുമാരി സെല്‍ജ. ബി.ജെ.പിയുടെ ഉപദേശം തനിക്കാവശ്യമില്ലെന്നും എന്റെ യാത്ര തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും കുമാരി പറഞ്ഞു. തന്റെ പിതാവിനെപ്പോലെ തന്റെ അവസാനവും ത്രിവര്‍ണത്തില്‍ പൊതിഞ്ഞായിരിക്കുമെന്നും കുമാരി പറഞ്ഞു. ആജ് തക് സംഘടിപ്പിച്ച പഞ്ചായത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കുമാരി സെല്‍ജ.
കോണ്‍ഗ്രസ് കുമാരിയെ പരിഗണിക്കുന്നില്ലെന്നും അവരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നെന്നാണ് ഖട്ടര്‍ പറഞ്ഞത്. അവരുടെ വ്യക്തിഗതമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് പരിഗണിക്കുന്ന രീതി സ്വയം വിലയിരുത്തി കുമാരി തന്നെ തീരുമാനിക്കട്ടെയെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള മറുപടിയായാണ് കുമാരി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ബി.ജെ.പിയുടെ ഉപദേശം എനിക്കാവശ്യമില്ല, എന്റെ യാത്ര തീരുമാനിക്കുന്നത് കോണ്‍ഗ്രസ്സാണ്. എന്റെ ഞരമ്പില്‍ കൂടിയോടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്റെ പിതാവിനപ്പോലെ ത്രിവര്‍ണത്തില്‍ പൊതിഞ്ഞ് തന്നെയാകും എന്റെ അവസാനവും,’ കുമാരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉക്‌ലാനയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് ടിക്കറ്റ് കിട്ടിയില്ലെന്നും അതിന്റെ അര്‍ത്ഥം തന്റെ രാഷ്ട്രീയ അസ്ഥിത്വം അവസാനിച്ചു എന്നല്ലെന്നും കുമാരി കൂട്ടിച്ചേര്‍ത്തു. തീരുമാനങ്ങള്‍ എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലരില്‍ ഭയം സൃഷ്ടിച്ചിരിക്കാമെന്നും കുമാരി പറഞ്ഞു.
‘നിയമസഭാ തെരഞ്ഞെുപ്പില്‍ ഉക്‌ലാനയില്‍ നിന്ന് മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്ക് ടിക്കറ്റ് കിട്ടിയില്ല, എന്നിരുന്നാലും എന്റെ രാഷ്ട്രീയ അസ്ഥിത്വം അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കേണ്ടത് പാര്‍ട്ടിയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലരില്‍ ഭയം സൃഷ്ടിച്ചേക്കാം,’ കുമാരി പറഞ്ഞു.
അതേസമയം, ഹരിയാന കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ആരോപിച്ച് ബി.ജെ.പി ഐ.ടി. സെല്‍ നേതാവ് അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയൊന്നും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlight: Kumari Selja replied to Manohar Lal Khattar about her BJP Entry