| Sunday, 23rd October 2022, 7:23 pm

ആര്‍ക്കുമറിയാത്ത രഹസ്യങ്ങളുമായി അവളെത്തിക്കഴിഞ്ഞു; കുമാരിയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശാപം നിറഞ്ഞ നാട്ടിലേക്ക് കല്യാണം കഴിഞ്ഞെത്തിയ സ്ത്രീയുടെ കഥ പറയുന്ന കുമാരി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി.

കുമാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മുഴുവന്‍ നീഗൂഢതകള്‍ നിറഞ്ഞ ട്രെയ്‌ലര്‍ പ്രേക്ഷകരെ ഏറെ ആവേഷത്തിലാക്കുന്നതാണ്. സുരഭി ലക്ഷ്മിയിലൂടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ട്രെയ്‌ലറില്‍ കാണുന്നത്. ഷൈന്‍ ടോം ചാക്കോയാണ് കുമാരിയുടെ ഭര്‍ത്താവായെത്തുന്നത്.

അന്ധവിശ്വാസങ്ങളില്ലാത്ത അവ കെട്ടുകഥകളാണെന്ന് പറയുന്ന പെണ്‍കുട്ടിയാണ് കുമാരി. എന്നാല്‍ പിന്നീട് നടക്കുന്ന സംഭവവികാസങ്ങളില്‍ തനിക്ക് ഭയമുണ്ടെന്ന് ഷൈനിന്റെ കഥാപാത്രത്തോട് പറയുന്ന കുമാരിയെയും ട്രെയ്‌ലറില്‍ കാണാം.

കുമാരിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ മികച്ച കഥാപാത്രമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാക്കുന്നത്. ചിത്രം ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പേടിപ്പെടുത്തുന്ന ട്രെയ്‌ലറിലെ വിവരണം പോലെ കുമാരി ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന് സൂചനയുണ്ട്.

പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാന്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് സാധിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിലെ ഓരോ കാര്യങ്ങളെയും കൗതുകത്തോടെ നോക്കുന്ന ഐശ്വര്യയെ ട്രെയ്‌ലറില്‍ കാണാം. പിന്നീട് തീര്‍ത്തും ഭയം നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് ട്രെയ്‌ലര്‍ എത്തിക്കുന്നത്. വലിയൊരു വിസ്മയമാണ് സിനിമ ഒരുക്കി വെച്ചിരിക്കുന്നതെന്ന് ട്രെയ്‌ലര്‍ പുറത്തായതോടെ പ്രേക്ഷകര്‍ക്ക് ഉറപ്പായിരിക്കുകയാണ്.

ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി രാം, സ്പടികം ജോര്‍ജ്ജ്, രാഹുല്‍ മാധവ്, ശിവജിത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരും എത്തുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.

content highlight: kumari movie trailer out

We use cookies to give you the best possible experience. Learn more