| Monday, 22nd July 2019, 12:30 pm

'സര്‍ക്കാരിന് തിടുക്കമില്ല'; വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്ന് കുമാരസ്വാമി; അംഗീകരിക്കാതെ സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല.

അതേസമയം ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി. വോട്ടെടുപ്പ് നീട്ടിവെയ്ക്കാനുള്ള അനാവശ്യശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

കുമാരസ്വാമിക്കു പുറമേ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് ആറുമണിക്കു മുമ്പു തന്നെ നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. കൂടാതെ നാളെ രാവിലെ 11 മണിക്കു മുമ്പില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.

അതേസമയം വിമതര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമതിച്ചു. നാളെ ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക നല്‍കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചില്ല.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വിശ്വാസം നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കറുടെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ബി.എസ്.പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതേസമയം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൂറുമാറ്റം തകൃതിയായി നടക്കുന്നതിനാല്‍ ഈ കണക്കുകളില്‍ കാര്യമുണ്ടാകില്ല.

Latest Stories

We use cookies to give you the best possible experience. Learn more